ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാകുംഭമേള , അപൂർവനിമിഷത്തിന് സാക്ഷിയായതിൽ ചാരിതാർഥ്യം; കൃഷ്ണകുമാർ

02:37 PM Jan 16, 2025 | Kavya Ramachandran

  ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന   മഹാകുംഭമേളയില്‍ പങ്കെടുത്ത് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍.  അപൂര്‍വനിമിഷത്തിന് സാക്ഷിയാകാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് കുംഭമേളയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷ്ണകുമാര്‍ കുറിച്ചു.

'ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂര്‍വനിമിഷത്തിനു സാക്ഷിയാകാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. 144 വര്‍ഷത്തിന് ശേഷമാണ് മഹാകുംഭ മേള പ്രയാഗ് രാജില്‍ സംഭവിക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മഹാ കുംഭ മേള ആഘോഷിക്കുന്നത്. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം. ഇന്നലെ മകരസംക്രാന്തി ദിനത്തില്‍ സ്‌നാനം ചെയ്തത് മൂന്നരക്കോടി ഭക്തജനങ്ങളാണ്.", കൃഷ്ണ കുമാർ പറഞ്ഞു.

കോടിക്കണക്കിനു സാധാരണ ജനങ്ങള്‍, വിദേശികള്‍, വിഐപികള്‍ ഉള്‍പ്പടെ ഇത്രയധികം ആളുകള്‍ പങ്കെടുക്കുന്ന മേളയില്‍ അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ വളരെ ഉയര്‍ന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോദി-യോഗി സര്‍ക്കാരുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കൃഷ്ണകുമാർ കുറിച്ചു.