മഹാദേവപുര മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിൽപരം വ്യാജ വോട്ടുകൾ കണ്ടെത്തി, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും നടത്തിയ പ്രവർത്തനം ക്രിമിനൽ കുറ്റകൃത്യം : രാഹുൽ ഗാന്ധി

03:00 PM Aug 08, 2025 | Neha Nair

ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വോട്ടർപട്ടികയിൽ നടത്തിയ അട്ടിമറിയുടെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടുചോരണത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും രഹസ്യധാരണയിൽ നടത്തിയ ഈ പ്രവർത്തനം ക്രിമിനൽ കുറ്റകൃത്യമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലൊന്നായ മഹാദേവപുര മണ്ഡലത്തിൽ മാത്രം നടത്തിയ പരിശോധനയിൽ ഒരു ലക്ഷത്തിൽപരം (100,250) വ്യാജ വോട്ടുകൾ കണ്ടെത്തിയതിന്റെ തെളിവുകളാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്. അഞ്ചു തരത്തിലാണ് വ്യാജ വോട്ടുകൾ കൂട്ടിച്ചേർത്തതെന്നും അതെങ്ങനെയാണെന്നും രാഹുൽ വിശദീകരിച്ചു.