ന്യൂഡല്‍ഹി: ഫെബ്രുവരി അഞ്ചിന് പ്രയാഗ് രാജിലെ മഹാകുംഭ മേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 27ന് ആഭ്യന്തരമന്ത്രി അമിത് ഷായും ഫെബ്രുവരി ഒന്നിന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍കറും ഫെബ്രുവരി പത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും കുംഭമേളയില്‍ പങ്കാളികളാകും.
ജനുവരി 27ന് എത്തുന്ന അമിത് ഷാ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തുകയും ഗംഗാ പൂജ നടത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് ജാഗ്രത വർധിപ്പിക്കുകയും നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം നീരീക്ഷണം ശക്തമാക്കുകയും ചെയ്തു.
ഫെബ്രുവരി 1ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. നേതാക്കന്‍മാരുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ആവശ്യമായ സുരക്ഷയൊരുക്കിയതായും അധികൃതര്‍ അറിയിച്ചു.
കടുത്ത മൂടല്‍ മഞ്ഞിലും ഭക്തരുടെ വന്‍ തിരക്കാണ് കുംഭമേളയില്‍ അനുഭവപ്പെടുന്നത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കുഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി. ജനുവരി 13 ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26 വരെ തുടരും. 40 കോടി ഭക്തര്‍ കുംഭമേളയുടെ ഭാഗമാകുമെന്നാണ് വിലയിരുത്തല്‍.