മുംബൈ: മഹാരാഷ്ട്രയിലെ അഹല്യനഗർ ജില്ലയെ പിടിച്ചുകുലുക്കി ദാരുണ സംഭവം. ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യുവാവ് തന്റെ നാല് കൊച്ചുകുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തി. തുടർന്ന് സ്വയം ജീവനൊടുക്കി. ആറു മുതൽ പത്തു വരെ പ്രായമുള്ള മൂന്ന് പെൺമക്കളെയും ഒരു മകനെയും ആണ് കൊലപ്പെടുത്തിയത്.
അരുൺ എന്ന യുവാവ് കുട്ടികൾ പഠിക്കുന്ന ആശ്രമശാലയിലെത്തി അവരെ വീട്ടിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന തന്റെ മോട്ടോർ സൈക്കിളിൽ കയറ്റി ഷിർദ്ദിക്കടുത്തുള്ള കൊർഹലെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. കുട്ടികളെ ഒന്നൊന്നായി കിണറ്റിൽ തള്ളിയിട്ട് സ്വയം ചാടിയതായാണ് വിവരം. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടികളോ അരുണോ വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് പരിഭ്രാന്തരായ കുടുംബം തിരയാൻ തുടങ്ങി.
ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ കിണറ്റിൽ നിന്ന് അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു.
നടുക്കമുളവാക്കുന്ന കാര്യം അരുണിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ അയാളുടെ ഒരു കൈയും ഒരു കാലും കയറിൽ കെട്ടിയിരിക്കുന്നതായി കണ്ടെത്തി. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവങ്ങളുടെ ക്രമവും അധികൃതർ അന്വേഷിച്ചുവരികയാണ്.
മാതാപിതാക്കൾ തമ്മിലുള്ള സംഘർഷങ്ങളിൽ കുട്ടികൾ പലപ്പോഴും നിശബ്ദ ഇരകളായി മാറുന്നത് എങ്ങനെയെന്ന് വീണ്ടും എടുത്തുകാണിക്കുന്ന ഈ സംഭവം ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. വീടിന്റെയും കുടുംബത്തിന്റെയും സുരക്ഷക്ക് താങ്ങാവേണ്ടവരുടെ ചെയ്തികൾ സങ്കൽപ്പിക്കാനാവാത്ത ദുരന്തത്തിൽ കലാശിച്ചു.