+

മലമ്പുഴ ഡാം പരിസരത്തെ അനധികൃത ഊത്തപിടിത്തം: ഫിഷറീസ് വകുപ്പ് പരിശോധന നടത്തി

മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അനധികൃതമായി ഊത്തപിടിത്തം തടയുന്നതിനായി ഫിഷറീസ് വകുപ്പ് രാത്രികാല പട്രോളിങ് ശക്തമാക്കി. ശനിയാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിൽ ഊത്തപിടിത്തത്തിൽ ഏർപ്പെട്ടവരിൽ നിന്ന് വലകൾ കണ്ടുകെട്ടുകയും 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

പാലക്കാട് :   മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അനധികൃതമായി ഊത്തപിടിത്തം തടയുന്നതിനായി ഫിഷറീസ് വകുപ്പ് രാത്രികാല പട്രോളിങ് ശക്തമാക്കി. ശനിയാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിൽ ഊത്തപിടിത്തത്തിൽ ഏർപ്പെട്ടവരിൽ നിന്ന് വലകൾ കണ്ടുകെട്ടുകയും 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

കരടിയോട്, കവ, ഒന്നാംപുഴ, മയിലാടിപ്പുഴ തുടങ്ങിയ മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തിയത്. മലമ്പുഴ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രഞ്ജിത്ത് കുമാർ, ഫിഷറീസ് ഓഫീസർമാരായ സന്തോഷ് കുമാർ, വേണുഗോപാലൻ, ഓഫീസ് അറ്റൻഡൻ്റ് കൃഷ്ണദാസ്, ഡ്രൈവർ ബിജു എന്നിവരടങ്ങിയ സംഘമാണ് പുലർച്ചെ 2.30 മുതൽ പരിശോധന നടത്തിയത്. കെ.ഐ.എഫ്.എ (KIFA) നിയമം അനുസരിച്ചാണ് ഊത്തപിടിത്തം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

പ്രജനന സമയത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ഊത്തപിടിത്തം തടയേണ്ടത് അത്യാവശ്യമാണ്. ഈ മേഖലകളിൽ അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ് വകുപ്പിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. മലമ്പുഴ ഡാം പരിസരത്തും വൃഷ്ടിപ്രദേശങ്ങളിലും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.

facebook twitter