മലപ്പുറത്ത് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

07:30 PM Aug 20, 2025 | AVANI MV

മലപ്പുറം: കോക്കൂരിൽ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോക്കൂർ തെക്കുമുറി വാളത്ത് വളപ്പിൽ രവീന്ദ്രൻറെ മകൾ കാവ്യ(21) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കാവ്യ കിടപ്പുമുറിയിൽ കയറി വാതിലടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് കാണാതെ വന്നതോടെ വീട്ടുകാർ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

എറണാകുളത്ത് ലോജിസ്റ്റിക് കോഴ്‌സ് പഠിക്കുന്ന കാവ്യ രണ്ടാഴ്ച മുമ്പാണ് വീട്ടിൽ വന്നത്. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ചങ്ങരംകുളം എസ്ഐ രാധാകൃഷ്ണൻറെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: ബിന്ദു. സഹോദരൻ: ഋതിക്.