മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും പിടികൂടി

07:12 PM Apr 04, 2025 | AVANI MV

മലപ്പുറം: പെരിന്തൽമണ്ണയിൽ പച്ചക്കറി കടയിൽനിന്ന് തോക്കുകളും കഞ്ചാവും പിടികൂടി. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. 1.25 കിലോ കഞ്ചാവ്, 2 തോക്കുകൾ, അഞ്ച് തിരകൾ, തിരയുടെ 2 കവറുകൾ എന്നിവയാണ് പെരിന്തൽമണ്ണ വെട്ടത്തൂരിലെ കടയിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ മണ്ണാർമല കിഴക്കേത്തല കിളിയേങ്ങൽ ഷറഫുദ്ദീ (40)നെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്പി എ പ്രേംജിത്ത്, മേലാറ്റൂർ ഇൻസ്പെക്ടർ പി എം ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. 

വെട്ടത്തൂർ ടൗണിൽ പച്ചക്കറി കച്ചവടം നടത്തുന്ന ഷറഫുദ്ദീന്റെ കടയിൽ നിന്നാണ് ആയുധങ്ങളും ലഹരിമരുന്നും പിടികൂടിയത്. നാടൻതോക്കും തിരകളും കടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മറ്റൊരു തോക്ക് ജീപ്പിനുള്ളിലും. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുകളും തിരകളുമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. ഡാൻസാഫ് എസ്‌ഐ ബിബിൻ, മേലാറ്റൂർ സ്റ്റേഷനിലെ എഎസ്‌ഐമാരായ ഫക്രുദ്ദീൻ അലി, സിന്ധു, വിനോദ്, സിപിഒമാരായ പ്രമോദ്, ഷിജു, ചന്ദ്രദാസ്, രാജേഷ്, അബുൾ ഫസൽ, ജിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.