2023 ല്‍ തെലുങ്കില്‍ നിന്ന് എത്തിയ ചിത്രങ്ങളില്‍ തകര്‍ന്നുപോയ ഒരു ചിത്രമായിരുന്നു ഏജന്‍റ്. യുവതാരം അഖില്‍ അക്കിനേനി നായകനായ ചിത്രത്തില്‍ മമ്മൂട്ടിയും ഒരു പ്രധാന കഥാപാത്രമായി എത്തി എന്നത് മലയാളികള്‍ക്കിടയിലും ഈ ചിത്രം പ്രീ റിലീസ് ശ്രദ്ധ നേടാന്‍ കാരണമായിരുന്നു. എന്നാല്‍ റിലീസിന് ശേഷമുള്ള നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിയില്‍ ആ താല്‍പര്യം കെട്ടു. ഇപ്പോഴിതാ രണ്ട് വര്‍ഷത്തോളം കാലത്തിനിപ്പുറം ചിത്രം ഒടിടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
ചിത്രം ബോക്സ് ഓഫീസില്‍ വീണെങ്കിലും അഖില്‍ അക്കിനേനി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ ചോദിക്കുന്ന ഒന്നായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ് എപ്പോള്‍ എന്നത്. പലപ്പോഴും ചിത്രം ഒടിടിയിലേക്ക് എത്തുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും റിലീസ് മാത്രം സംഭവിച്ചില്ല. ഒടുവില്‍ നിര്‍മ്മാതാവ് തന്നെ അതിനുള്ള കാരണം വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. വിതരണക്കാരില്‍ ഒരാളുമായുള്ള നിര്‍മ്മാതാവിന്‍റെ നിയമ പോരാട്ടമായിരുന്നു ഇതിന് കാരണം.
സ്പൈ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളിലെത്തിയത് ഏപ്രില്‍ 28 ന് ആയിരുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ മാര്‍ച്ച് 14 നാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും. മലയാളികളെ സംബന്ധിച്ച് ഒടിടി റിലീസിനോട് കൗതുകമുണര്‍ത്തുന്ന ഘടകമാണ് ഇത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഡിനോ മോറിയ, സാക്ഷി വൈദ്യ, വിക്രംജീത് വിര്‍ക് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു