+

മദ്യപിക്കാന്‍ പണം നല്‍കിയില്ല, മകളെയടക്കം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് കര്‍ണാടകയില്‍ വധശിക്ഷ

പൊന്നംപേട്ട പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കുടക് ജില്ലയിലെ പൊന്നംപേട്ടയില്‍ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ്(38) വധശിക്ഷ വിധിച്ചത്. വിരാജ്പേട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് നടരാജാണ് ശിക്ഷ വിധിച്ചത്.

ഈ വര്‍ഷം മാര്‍ച്ച് 27 ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭാര്യ നാഗി(30), മകള്‍ കാവേരി(5) ഭാര്യയുടെ മാതാപിതാക്കളായ കരിയ(75) ഗൗരി(70) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്. കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ ബെഗുരു ഗ്രാമത്തിലെ ഒരു ആദിവാസി കോളനിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. മദ്യപനായ ഗിരീഷ് ഭാര്യ നാഗിക്ക് വിവാഹേതരബന്ധമുണ്ടെന്ന്പറഞ്ഞ് ദിവസവും വഴക്കിട്ടിരുന്നു. സംഭവദിവസം വൈകിട്ട് മദ്യപിക്കാന്‍ ഗിരീഷ് ഭാര്യയോട് പണം ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനെത്തുടര്‍ന്ന് നാഗിയെ ക്രൂരമായി മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച മകളെയടക്കം മൂന്നുപേരെയും ഗിരീഷ് വെട്ടികൊലപ്പെടുത്തി.

കൊലപാതകത്തിന് ശേഷം രാത്രി ഇയാള്‍ കണ്ണൂരിലേക്ക് മടങ്ങി. പിറ്റേന്നു രാവിലെ എസ്റ്റേറ്റ് ഉടമ, കരിയയെ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഒളിവില്‍പ്പോയ ഗിരീഷിനെ രണ്ടുദിവസത്തിനുശേഷം പൊലീസ് കണ്ണൂരിലെ ഇരിട്ടിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പൊന്നംപേട്ട പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

facebook twitter