ബെംഗളൂരു: ഡിവൈഡറിൽ ബൈക്ക് ഇടിച്ച് യുവാവിനു ദാരുണാന്ത്യം . കണ്ണൂർ മുണ്ടേരി വാരം സ്വദേശി കാർക്കോടകൻ പുതിയ വീട്ടിൽ സലീമിന്റെ മകൻ മുഹമ്മദ് ശമൽ (25) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ശമലും സഹയാത്രികനായ ഗൗരീഷും (23) സഞ്ചരിച്ചിരുന്ന ബൈക്ക് ബിഡതിയിൽ സ്പീഡ് ബ്രെയ്ക്കറിൽ നിന്ന് തെന്നി വീണ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഗൗരീഷിനെ ചെറിയ പരുക്കുകളോടെ രാംനഗരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട്പോയി.
തലക്ക് പരിക്കേറ്റ മുഹമ്മദ് ശമൽ നിംഹാൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ടായിരുന്നു മരണം. മടിവാളയിലെ ഒരു സ്വകാര്യ ബേക്കറി കടയിൽ ജോലിക്കാരനായിരുന്നു മുഹമ്മദ് ഷമൽ. പോസ്റ്റുമോർട്ടം ചെയ്തതിനുശേഷം ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യ കർമ്മങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ് ഷെറീന. സഹോദരി ഷംല ബാനു. കബറടക്കം കണ്ണൂർ സിറ്റി മൈതാനി പള്ളിയിൽ.