ന്യൂഡല്‍ഹി: ഭാര്യയോട് കള്ളംപറഞ്ഞ് വിദേശത്തേക്ക് പോയ ഭര്‍ത്താവ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയപ്പോള്‍ രഹസ്യം നാട്ടുകാരെല്ലാമറിഞ്ഞു. മലേഷ്യക്കാരനായ യുവാവാണ് തെക്കന്‍ തായ്ലന്‍ഡിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയത്.
ഭാര്യയോട് കമ്പനിയുടെ ബിസിനസ് ട്രിപ്പിലാണ് എന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് ഹാത് യായ് നഗരത്തില്‍ പ്രളയത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു. അവിടെ അയാള്‍ക്കൊപ്പം ഉണ്ടായിരുന്നത് സഹപ്രവര്‍ത്തകരല്ല, നാല് ദിവസമായി അയാളോടൊപ്പം ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്ന കാമുകിയായിരുന്നു.
നാലാമത്തെ കുഞ്ഞിനെ പ്രസവിക്കാന്‍ കാത്തിരിക്കുന്ന ഗര്‍ഭിണിയായ ഭാര്യയും മൂന്ന് ചെറിയ കുഞ്ഞുങ്ങളും വീട്ടില്‍ ആകാംക്ഷയോടെ കാത്തിരിക്കെ, ഭര്‍ത്താവിനെ കാണാനില്ലെന്ന് കരുതി സ്ത്രീ സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ഥിച്ചിരുന്നു.
അവരുടെ അപേക്ഷ കണ്ട ഉപയോക്താവ് ഹാത് യായിലുള്ള ബന്ധുക്കളെ വിട്ട് ഹോട്ടലില്‍ പരിശോധിപ്പിച്ചപ്പോഴാണ് കമ്പനി സഹപ്രവര്‍ത്തകര്‍ എന്ന് പറഞ്ഞിരുന്നത് ഒരു സ്ത്രീ മാത്രമാണെന്ന് കണ്ടെത്തിയത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രക്ഷാപ്രവര്‍ത്തകരോട്, ഭാര്യയോട് സത്യം പറയണം എന്ന് ഒട്ടേറെപേര്‍ ആവശ്യപ്പെട്ടു. കാമുകിയേയും കാമുകനേയും രക്ഷപ്പെടുത്തിയെങ്കിലും കാമുകന്റെ കുടുംബജീവിതം രക്ഷപ്പെട്ടോ എന്നാണ് ഇപ്പോള്‍ ആളുകള്‍ ചോദിക്കുന്നത്.