മാലി: 2007 ജനുവരിക്ക് ശേഷം ജനിച്ചവര്‍ക്ക് മാലിദ്വീപില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തി. പുകയിലയ്ക്ക് തലമുറ നിരോധനം ഏര്‍പ്പെടുത്തുന്ന ഏക രാഷ്ട്രമായി മാലിദ്വീപ് മാറിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിയമം ഇന്നുമുതല്‍ നടപ്പാക്കി തുടങ്ങുകയും ചെയ്തു.
ഈ വര്‍ഷം ആദ്യം പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് പദ്ധതിക്ക് തുടക്കമിട്ടത്. പൊതുജനാരോഗ്യം സംരക്ഷിക്കുക, പുകയിലരഹിത തലമുറയെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് മാലിദ്വീപ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
'പുതിയ നിയമപ്രകാരം, 2007 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ചവർക്ക് മാലിദ്വീപില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതും ഉപയോഗിക്കുന്നതും, അവര്‍ക്ക് ഇവ വില്‍ക്കുന്നതും നിരോധിച്ചിരിക്കുന്നു', മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. എല്ലാത്തരം പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്, വില്‍പ്പനയ്ക്ക് മുമ്പായി ചില്ലറ വ്യാപാരികള്‍ പ്രായം ഉറപ്പുവരുത്തേണ്ടതുണ്ട്.
ടൂറിസത്തിന് പേരുകേട്ട മാലിദ്വീപിലെ സന്ദര്‍ശകര്‍ക്കും ഈ നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, പ്രായഭേദമന്യേ എല്ലാവര്‍ക്കും ബാധകമാകുന്ന തരത്തില്‍ ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗത്തിനും സമ്പൂര്‍ണ നിരോധനമുണ്ട്.