മലേഗാവ് സ്‌ഫോടനക്കേസിലെ വിധി നിരാശാജനകം : അസദുദ്ദീൻ ഉവൈസി

07:43 PM Jul 31, 2025 | Neha Nair

ഹൈദരാബാദ്: മലേഗാവ് സ്‌ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ എൻ.ഐ.എ കോടതിയുടെ വിധി നിരാശാജനകമാണെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ പോലെ കേന്ദ്രവും മഹാരാഷ്ട്ര സർക്കാറും ഈ വിധിയിൽ സ്റ്റേ ആവശ്യപ്പെടുമോ എന്നും ഉവൈസി ചോദിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കുന്നതിലേക്ക് നയിച്ചത് മോശം അന്വേഷണമാണെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിൽ പറഞ്ഞു.

'മലേഗാവ് സ്‌ഫോടന കേസിലെ വിധി നിരാശാജനകമാണ്. സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മതത്തിന്റെ പേരിലാണ് അവരെ ലക്ഷ്യം വെച്ചത്. ബോധപൂർവമായ മോശം അന്വേഷണമോ പ്രോസിക്യൂഷനോ ആണ് കുറ്റവിമുക്തരാക്കലിന് കാരണമായത്. സ്ഫോടനം നടന്ന് 17 വർഷങ്ങൾക്ക് ശേഷം, തെളിവുകളുടെ അഭാവത്തിൽ കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. മുംബൈ ട്രെയിൻ സ്ഫോടനക്കേസിലെ കുറ്റവിമുക്തരാക്കൽ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടതുപോലെ, മോദിയുടെയും ഫഡ്‌നാവിസിൻറെയും സർക്കാറുകൾ വിധിക്കെതിരെ അപ്പീൽ നൽകുമോ? മഹാരാഷ്ട്രയിലെ "മതേതര" രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്തം ആവശ്യപ്പെടുമോ? ആ ആറ് പേരെ കൊന്നത് ആരാണ്?' -ഉവൈസി കുറിച്ചു.