കേരളത്തിൽനിന്നും കടൽ കടന്ന് ഓഗ്മോര്‍ ബൈ കടല്‍ത്തീരത്തടിഞ്ഞ് മത്സ്യ കന്യക

04:45 PM Dec 21, 2024 | Litty Peter

കവന്‍ട്രി: ബ്രിസ്റ്റോള്‍ ചാനല്‍ കടലിടുക്കില്‍ ഏറ്റവും സുന്ദരമായ നദീമുഖം എന്നറിയപ്പെടുന്ന ഓഗ്മോര്‍ ബൈ കടല്‍ത്തീരത്തു മത്സ്യകന്യക എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം വെയ്ല്‍സില്‍ നാട്ടുകാര്‍ കാതോട് കാതോരം കേട്ട വര്‍ത്തമാനമാണിത്. കടല്‍ത്തീരത്ത് പാറയിടുക്കില്‍ വെട്ടിത്തിളങ്ങുന്ന നീലക്കടലിനേക്കാള്‍ ശോഭയോടെ മത്സ്യകന്യക കിടക്കുന്നു എന്ന വര്‍ത്തമാനമാണ് നൂറോളം പേരെ പാറയിടുക്കുകള്‍ നിറഞ്ഞ കടല്‍ത്തീരത്തേക്ക് ഓടിയെത്താന്‍ പ്രേരിപ്പിച്ചത്. 

ബ്രിട്ടീഷ് കടല്‍ തീരങ്ങളില്‍ കൂറ്റന്‍ തിമിംഗലകള്‍ വഴി തെറ്റി എത്തുന്നതൊക്കെ വാര്‍ത്തകളില്‍ കണ്ടും കേട്ടും പരിചയമുളളവര്‍ മത്സ്യ കന്യകയെ കണ്ടേ പറ്റൂ എന്ന കൗതുകത്തോടെയാണ് എത്തികൊണ്ടിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് മുന്നില്‍ ഉള്ളത് മനുഷ്യ മത്സ്യ കന്യക ആണെന്ന് അറിഞ്ഞതും പലരുടെയും ഭാവം മാറി.

വിഡ്ഢികളാക്കപ്പെട്ടല്ലോ എന്ന മുഖ ഭാവത്തില്‍ നില്‍ക്കുന്നവരോട് തങ്ങള്‍ ഒരു ഫോട്ടോ ഷൂട്ടിന് എത്തിയതാണ് എന്ന് ഫോട്ടോഗ്രാഫര്‍ സാജു അത്താണി പറഞ്ഞതോടെ ഓ സിനിമക്ക് വേണ്ടിയാണോ എന്ന ചോദ്യമാണ് തിരികെ കിട്ടിയത്. വെയ്ല്‍സില്‍ നിരന്തരം ബോളിവുഡ് ചിത്രങ്ങള്‍ക്ക് വേദിയാകുന്നതിനാല്‍ ഫോട്ടോ ഷൂട്ട് ക്രൂവിനെ കണ്ടതോടെ നാട്ടുകാര്‍ കരുതിയത് ഫിലിം ഷൂട്ടിന്റെ ഭാഗമായുള്ള ഫോട്ടോ ഷൂട്ട് ആയിരിക്കും എന്നാണ്. കാരണം മത്സ്യ കന്യക ആയി പ്രത്യക്ഷപ്പെട്ട സിമി ജോസ് എന്ന മോഡല്‍ അത്രയ്ക്കും പെര്‍ഫെക്ഷനാണ് കാഴ്ചയില്‍ ഒരു ദൃശ്യവിരുന്നായി മാറിയത്.

ഏതായാലും സുന്ദരിയായ മത്സ്യ കന്യകയെ വീണ്ടും വീണ്ടും നോക്കിയാണ് നാട്ടുകാര്‍ എന്നാല്‍ ഫോട്ടോ ഷൂട്ട് നടക്കട്ടെ എന്നും പറഞ്ഞു തീരത്തു നിന്നും പിന്‍വാങ്ങിയത്. നാട്ടുകാര്‍ രണ്ടെണ്ണം കവിളില്‍ സമ്മാനിക്കുമോ എന്ന പേടിയായിരുന്നു ഫോട്ടോ ഷൂട്ട് തീരും വരെ എന്നാണ് ഇപ്പോള്‍ ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ഫോട്ടോഗ്രാഫര്‍ ആയ സാജു അത്താണിക്കു മനസ്സിലെത്തുന്നത്.

കൂടുതല്‍ ആളുകള്‍ എത്താതെ തീരത്തെ കാഴ്ച കാണാന്‍ എത്തിയവര്‍ പിന്‍വാങ്ങിയത് ആശ്വാസവും ഫോട്ടോഗ്രാഫി ജീവിതത്തിലെ ഏറ്റവും മികച്ച ഏതാനും ചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ ഉള്ള അവസരവും ആയി എന്നാണ് സാജുവിന് പറയാന്‍ ബാക്കിയാകുന്നത്. ഏതാനും മാസം മുന്‍പ് സാജു എടുത്ത ലണ്ടന്‍ നഗരത്തില്‍ കൈലി മുണ്ടും ബ്ലൗസും തോര്‍ത്തും ധരിച്ച നാടന്‍ പെണ്‍കൊടിയുടെ വേഷം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത നാള്‍ മുതല്‍ ഒരു മത്സ്യ കന്യകയെ ക്യാമറക്കണ്ണില്‍ പകര്‍ത്തണം എന്ന ആശയാണ് ഇപ്പോള്‍ സാധ്യമായത് എന്നും സാജു പറയുന്നു.

പഴമൊഴി പോലെ വൈദ്യന്‍ കല്‍പിച്ചതും രോഗി ഇച്ഛിച്ചതും ഒന്നായി എന്നത് പോലെയാണ് ഓഗ്മോര്‍ കടല്‍ത്തീരത്തു നടന്ന ഫോട്ടോ ഷൂട്ടിംഗ്. മോഡലിംഗ് മനസ്സില്‍ സ്വപ്നമായി കൊണ്ട് നടക്കുന്ന വെയ്ല്‍സ് മലയാളിയായ സിമി ജോസിന് എക്കാലത്തെയും ആഗ്രഹമായിരുന്നു ഒരു മത്സ്യകന്യക വേഷം. സിമിയുടെ ഫോട്ടോ ഷൂട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് കണ്ട സാജു തന്റെ മനസിലെ ആഗ്രഹം സിമിയുമായി പങ്കുവച്ചപ്പോള്‍ താനും അത് തന്നെയാണ് ചിന്തിക്കുന്നത് എന്നായി സിമി. ഇതോടെ കാര്യങ്ങള്‍ വേഗത്തിലായി. ശൈത്യകാലത്തെ ഇരുള്‍ പടരുന്ന ദിവസങ്ങള്‍ എത്തും മുന്‍പേ ഫോട്ടോ ഷൂട്ടിനുള്ള ഒരുക്കങ്ങളായി.

സാജു തന്റെ സഹപ്രവര്‍ത്തകനായ ജെന്നി വര്‍ക്കിയുമായി ലൊക്കേഷന്‍ സംബന്ധിച്ച കാര്യങ്ങളില്‍ വിശദ ചര്‍ച്ച നടത്തി ക്യാമറയും ലെന്‍സുമൊക്കെ ഫിക്‌സ് ചെയ്തു. വെയ്ല്‍സിന്റെ ഓരോ മനോഹര തീരവും കാണാപ്പാഠമായ സിമി തന്നെ ഓഗ്മോര്‍ തീരവും നിര്‍ദേശിച്ചു. കൂര്‍ത്ത മുനയുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ കടല്‍ത്തീരം സാജുവിനും ജെന്നിയ്ക്കും നന്നേ ഇഷ്ടവുമായി. 

പിന്നെ അമാന്തിച്ചില്ല, കോസ്റ്റും അടക്കമുള്ള തയ്യാറെടുപ്പുകള്‍ സിമി തന്നെ നേരിട്ട് ഏറ്റെടുത്തു. എല്ലാം കൈപ്പിടിയില്‍ എത്തി എന്നുറപ്പിച്ച അധികം കാറും കോളും ഇല്ലാത്ത ഒരു ദിവസം തപ്പിയെടുത്തു സിമിയെ മത്സ്യ കന്യകയിലേക്ക് പരകായ പ്രവേശം നടത്തി. ഇതുതന്നെ യഥാര്‍ത്ഥ മത്സ്യകന്യക എന്ന് പറയിപ്പിക്കുന്ന ഫോട്ടോകള്‍ സാജുവിന്റെയും ജെന്നിയുടെയും ക്യാമറകളില്‍ പതിഞ്ഞു കൊണ്ടേയിരുന്നു.

ചെറുപ്പം മുതലേ മോഡലിംഗ് മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും അതാണ് തന്റെ വഴിയെന്ന് അല്‍പം വൈകിയാണ് സിമി ജോസ് തിരിച്ചറിഞ്ഞത്. ഒരു മോഡലാകാന്‍ മനസ്സില്‍ കോണ്‍ഫിഡന്റ് നിറഞ്ഞതിനു ശേഷം ടെലിഫിലിമിലും സിനിമയിലും ഒക്കെ വേഷമിടാന്‍ ലഭിച്ച ഭാഗ്യവും സിമിയെ തേടിയെത്തി. മനസും ശരീരവും സൗന്ദര്യവും എല്ലാം ഒത്തുചേരുമ്പോളാണ് ഒരു മോഡല്‍ പിറക്കുക എന്ന തിയറി അക്ഷരാര്‍ത്ഥത്തില്‍ ശരിയായി മാറുകയാണ് സിമിയുടെ കാര്യത്തില്‍. 

പലരും വിവാഹശേഷം ഈ രംഗത്ത് നിന്നും വിടപറയുകയാണ് പതിവെങ്കിലും സിമി കൂടുതല്‍ സജീവമായത് വിവാഹശേഷമാണ് എന്നതും പ്രത്യേകതയാണ്. താന്‍ ആഗ്രഹിക്കുന്ന വിഷ്വല്‍സിനായി എത്ര കഠിന അധ്വാനം ചെയ്യാനും ഉള്ള മനസാണ് സിമിയെ വേറിട്ടതാക്കുന്നത്.

മത്സ്യ കന്യകയായി മാറിയ അനുഭവം പങ്കിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ തണുത്ത കാലാവസ്ഥയില്‍ നെഞ്ചിനു മുകളിലേക്ക് വസ്ത്രം ഇല്ലാതെ മണിക്കൂറുകളോളം കടല്‍ത്തീരത്തു നില്‍ക്കേണ്ടി വന്ന അനുഭവം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല എന്നായിരുന്നു സിമിയുടെ വാക്കുകള്‍. ചീറിയടിക്കുന്ന കടല്‍ കാറ്റുള്ളപ്പോള്‍ ശരീരാവരണമായി ജമ്പറും ജാക്കറ്റും ഇട്ടു നടന്നാല്‍ പോലും ശരീരം കോച്ചിപ്പിടിക്കുന്നിടത്താണ് സിമി റിസ്‌ക് എടുത്തു മത്സ്യകന്യക ആയി മാറിയത്.

ഓണ്‍ ലൈന്‍ വഴി ലഭിച്ച കോസ്റ്റിയൂമില്‍ വാലറ്റത്തു കാലുറപ്പിക്കാനാകുമായിരുന്നില്ല. മാത്രമല്ല കാല്‍ തെന്നിപ്പോകുന്ന വിധം വഴുവഴുപ്പും. ഇടയ്ക്കിടെ തെന്നി വീഴ്ത്തിയ ഫോട്ടോ ഷൂട്ട് എന്ന നിലയിലാകും സിമി മത്സ്യ കന്യകയെ കൂടുതല്‍ ഇഷ്ടപ്പെടുക. കൊച്ചു കൊച്ചു പരിക്കുകളും മത്സ്യകന്യക സമ്മാനിച്ചിരുന്നു. ഇതേതുടര്‍ന്ന് കൈകുത്തിയാല്‍ വേദനിക്കുകയും തൊലിയുരിയാന്‍ സാധ്യതയും ഉള്ള പാറകളില്‍ തെന്നിയും നിരങ്ങിയുമാണ് സിമി ഫോട്ടോ ഷോട്ട് പൂര്‍ത്തിയാക്കിയത്.

സിമിയുടെ പ്രയാസം കണ്ടു തിടുക്കത്തില്‍ ഫോട്ടോ ഷൂട്ട് പൂര്‍ത്തിയാക്കാന്‍ സാജുവും ജെന്നിയും സഹപ്രവര്‍ത്തകരും പരിശ്രമിക്കുമ്പോള്‍ സാരമില്ല, നല്ല ക്ലിക്കുകള്‍ കിട്ടും വരെ നമുക്ക് തുടരാം എന്ന പ്രോത്സാഹനം നല്‍കിയതും സിമി തന്നെയാണ്. ഒടുവില്‍ അതിമനോഹരമായ ചിത്രങ്ങള്‍ ലഭിച്ചതോടെ കഷ്ടപ്പാടിന് പ്രതിഫലമായി എന്ന മറുപടിയാണ് സിമി ഫോട്ടോ ക്രൂവിന് നല്‍കിയത്. 

കടലില്‍ നിന്നും ഉയര്‍ന്നു വന്ന മത്സ്യകന്യക എന്ന ഫീല്‍ ലഭിക്കാന്‍ തണുത്തുറഞ്ഞ കടല്‍ വെള്ളം തലമുടി വഴി കോരിയൊഴിച്ചതോടെ ശരീരമാകെ ഫ്രീസ് ആകുന്ന അവസ്ഥയിലേക്ക് മാറിയെന്നും സിമി ഓര്‍ത്തെടുക്കുന്നു. ഏകദേശം ഒന്നര മണിക്കൂറിലേറെ ഈ പ്രയാസം മുഴുവന്‍ അനുഭവിച്ചാണ് ഇപ്പോള്‍ കാണുന്ന വിധമുള്ള മത്സ്യ കന്യകയെ സിമിയും സാജുവും ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയത്.

കടല്‍ക്കാറ്റില്‍ മല്‍സ്യകന്യകയുടെ തലമുടി പാറിപ്പറക്കാതിരിക്കാന്‍ പ്രത്യേക ജെല്‍ ഉപയോഗിച്ചാണ് സിമി ഫോട്ടോ ഷോട്ടിനായി ഒരുക്കിയത്. ഹെയര്‍ ജെല്‍ കട്ടിയില്‍ അപ്ലൈ ചെയ്താണ് മുടിയിഴകള്‍ താഴേക്ക് ഊര്‍ന്നു കിടക്കും എന്നുറപ്പ് വരുത്തിയത്. ഉപ്പുരസം നിറഞ്ഞ കാറ്റേറ്റ് സ്‌കിന്‍ വരണ്ടു പോകാതിരിക്കാന്‍ പ്രത്യേക ക്രീമും ഉപയോഗിച്ചു. അധികം മേക്കപ്പില്‍ മത്സ്യ കന്യകയ്ക്ക് കൃത്രിമത്വം തോന്നാതിരിക്കാന്‍ സിമി നടത്തിയ ശ്രദ്ധയാണ് നാച്ചുറല്‍ ബ്യൂട്ടി എന്ന നിലയില്‍ ഈ ഫോട്ടോ ഷൂട്ടിന്റെ ഹൈലൈറ്റ്. ബോഡി ഓയിലും കോസ്മെറ്റിക് ഷിമ്മര്‍ പൗഡറും ചേര്‍ത്താണ് ശരീരത്തിന് തിളക്കമുള്ള സ്‌കിന്‍ സമ്മാനിച്ചത്.

കടല്‍ വെള്ളം ശരീരത്തില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ ഓയില്‍ കൃത്യമായ അളവില്‍ ശരീരത്തില്‍ തേച്ചു പിടിപ്പിക്കുക ആയിരുന്നു. അതിമനോഹരമായ കടല്‍ത്തീരം കണ്ടു ലൊക്കേഷന്‍ എ ഐ സംവിധാനത്തിലൂടെ പുനരാവിഷ്‌കരിച്ചതാണോ എന്ന ചോദ്യമാണ് ചിത്രങ്ങള്‍ കണ്ട സിമിയുടെ ഫാന്‍സുകാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. 

കാര്യമായ എഡിറ്റിംഗ് പോലും നടത്താത്ത ചിത്രങ്ങള്‍ ആണ് പലതും എന്നു പറഞ്ഞിട്ടും ആര്‍ക്കും വിശ്വാസമില്ല. ഈ ഒരു തീമില്‍ അതി സുന്ദരിയായി മാറിയ സിമിയുടെ ആശയത്തെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കയ്യടിച്ചു പ്രോത്സഹിപ്പിക്കുന്നത്. അധികമാരും ചെയ്യാന്‍ തയ്യാറാകാത്ത കണ്‍സെപ്റ്റിന് കൃത്രിമത്വം കലരാതെ അവതരിപ്പിക്കാനായി എന്നതും സിമിയുടെ ചിത്രങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ്.

മറ്റു പലരെയും പോലെ മാസങ്ങളോളം വീട്ടില്‍ അടച്ചിരിക്കേണ്ടി വന്നപ്പോഴാണ് സിമി തന്റെ ശരീര കാന്തി ശ്രദ്ധിക്കുന്നത്. എങ്കില്‍ പിന്നെ എന്തുകൊണ്ട് ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തുകൂടാ എന്ന ചിന്തയായി. ചിത്രങ്ങളെടുക്കുക, സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുകള്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്യുക എന്നത് നിത്യവും എന്നവിധം ഹോബിയായി. പലരും ചിത്രങ്ങള്‍ക്ക് മനസ് തുറന്നു നല്ല അഭിപ്രായവും പറഞ്ഞു തുടങ്ങി. ഓരോ ചിത്രങ്ങളും ഓരോ കഥ പറയും വിധം വ്യത്യസ്തമാകാന്‍ സിമി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതോടെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിയ്ക്കാന്‍ തുടങ്ങി. ഇതിനിടയില്‍ റേഡിയോ ജോക്കി ആയും അഭിനയവും ഒക്കെ തനിക്ക് ഇണങ്ങും എന്ന് സിമി കണ്ടെത്തിയിരുന്നു.

ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ ബിരുദമെടുത്ത സിമി ഏതാനും വര്‍ഷം സിവില്‍ സര്‍വീസ് രംഗത്താണ് ജോലി ചെയ്തിരുന്നത്. മോഡലിംഗ് ഗൗരവമായി എടുത്തതോടെ തന്റെ ആത്മവിശ്വാസം പല മടങ്ങായി വര്‍ധിച്ചത് തനിക്ക് തന്നെ ഫീല്‍ ചെയ്യുന്നുണ്ട് എന്നും സിമി പറയുന്നു. ഇനിയും വ്യത്യസ്തമായ ആശയങ്ങളുമായി ഫോട്ടോ ഷൂട്ടിലൂടെ ഈ രംഗത്തെ തന്റെ സജീവ സാന്നിധ്യം അറിയിക്കണം എന്ന ആഗ്രഹമാണ് ഇപ്പോള്‍ സിമി പങ്കിടുന്നത്. 

യുകെ മലയാളി സംരംഭത്തില്‍ പിറന്ന മൂന്നാംഘട്ടം സിനിമ, എലെക്റ്റി, എന്നിട്ട് എന്തായി എന്നിവയൊക്കെ സിമിയിലെ അഭിനേത്രിയെ പുറത്തെത്തിച്ചവയാണ്. ബ്രിട്ടനിലെ ലിമിറ്റഡ് എന്ന് പറയാവുന്ന അവസരങ്ങള്‍ക്കിടയിലും കൂടുതല്‍ സാധ്യതകള്‍ മുന്നിലെത്തും എന്ന് തന്നെയാണ് സിമിയുടെ പ്രതീക്ഷകള്‍.