സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രമായിരുന്നു 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്'. മമ്മൂട്ടി നായകനായ സിനിമ കോമഡി-ത്രില്ലർ ജോണറിലായിരുന്നു കഥ പറഞ്ഞത്. തിയേറ്ററുകളിൽ ഡൊമിനിക്കിന് വലിയ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ജനുവരി 23 ന് റിലീസായ സിനിമ മാസങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഒടിടിയിൽ എത്തിയിട്ടില്ല. ഇതിനെച്ചൊല്ലി നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനെക്കുറിച്ചുള്ള ചില സൂചനകൾ പുറത്തുവരുകയാണ്.
ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സീ 5 സ്വന്തമാക്കിയെന്നും സിനിമ ഉടൻ തന്നെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സ്ട്രീമിങ് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല. നേരത്തെ സിനിമയുടെ ഒടിടി സ്ട്രീമിങ് അവകാശം ആമസോൺ പ്രൈം നേടിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും തുടർന്ന് അപ്ഡേറ്റ് ഒന്നും വന്നിരുന്നില്ല. മാസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ചിത്രം സ്ട്രീമിങ് ആരംഭിക്കാത്തതിന്റെ നിരാശയിലാണ് മമ്മൂട്ടി ആരാധകർ.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ്. മമ്മൂട്ടിക്കൊപ്പം യുവതാരം ഗോകുൽ സുരേഷും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്ന ചിത്രത്തിൽ, ഇവർക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.