മമ്മൂട്ടിയും ലാലേട്ടനും സുരേഷ് ഗോപിയും ഇനി 4Kയിൽ

05:06 PM Apr 16, 2025 | Kavya Ramachandran
പഴയ കാല സിനിമകൾ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീമാസ്റ്റർ ചെയ്തു പുറത്തിറങ്ങുന്നത് ഇപ്പോൾ പതിവാണ്. ഈ സിനിമകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പ്രേക്ഷകരുടെ മനം കവരുകയാണ് 'മനു അങ്കിൾ' എന്ന ചിത്രം.
മണിച്ചിത്രത്താഴും ഒരു വടക്കൻ വീരഗാഥയുമടക്കമുള്ള ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് നിർവ്വഹിച്ച മാറ്റിനി നൗ ആണ് മനു അങ്കിളിൻറെ റീമാസ്റ്ററിംഗും നിർവ്വഹിച്ചിരിക്കുന്നത്. മാറ്റിനി നൗവിൻറെ യൂട്യൂബ് ചാനലിലൂടെ ചിത്രം കാണാം. ചിത്രത്തിന്റെ വിഷ്വൽ ക്വാളിറ്റിക്കും സൗണ്ടിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഡെന്നീസ് ജോസഫിൻറെ കഥയ്ക്ക് ഷിബു ചക്രവർത്തി തിരക്കഥയെഴുതിയ ചിത്രം 1988 ലാണ് പുറത്തെത്തിയത്. ലിസി, എം ജി സോമൻ, പ്രതാപചന്ദ്രൻ, ത്യാഗരാജൻ, കെപിഎസി അസീസ്, കെപിഎസ് ലളിത, മുരളി മേനോൻ, ജലജ എന്നിവർക്കൊപ്പം ഒരു കൂട്ടം കുട്ടികളും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ചിത്രത്തിലെ മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെയും കാമിയോ റോളുകൾ ഏറെ കയ്യടി വാങ്ങിയിരുന്നു. സുരേഷ് ഗോപി എസ് ഐ മിന്നൽ പ്രതാപൻ എന്ന പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ,, സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രത്തിന് സംഗീതം പകർന്നത് ശ്യാം ആയിരുന്നു. ഛായാഗ്രഹണം ജയാനൻ വിൻസെൻറും എഡിറ്റിംഗ് കെ ശങ്കുണ്ണിയും നിർവ്വഹിച്ചു. ജൂബിലി പ്രൊഡക്ഷൻസിൻറെ ബാനറിൽ ജോയ് തോമസ് ആണ് ചിത്രം നിർമ്മിച്ചത്