ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ മാനസിക പീഡനം ആരോപിച്ച് യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മോഡിനഗര്‍ പ്രദേശവാസിയായ മോഹിത്ത് ത്യാഗി എന്ന മുപ്പത്തിനാലുകാരനാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മോഹിത്ത് മരണപ്പെട്ടത്.
തന്റെ മരണത്തിനു കാരണം ഭാര്യയും ഭാര്യയുടെ ബന്ധുക്കളുമാണെന്ന് വിഷം കഴിച്ചശേഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച വാട്ട്സാപ്പ് സന്ദേശത്തില്‍ മോഹിത്ത് ആരോപിച്ചിരുന്നു. തുടര്‍ന്ന് യുവാവിന്റെ കുടുംബം ഭാര്യ പ്രിയങ്ക, അവരുടെ സഹോദരന്‍ പുനീത്, സഹോദരി നീതു, മാതൃസഹോദരന്മാരായ അനില്‍ ത്യാഗി, വിശേഷ് ത്യാഗി എന്നിവര്‍ക്കെതിരെ മോഡിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രിയങ്കയുടെയും കുടുംബത്തിന്റെയും മാനസിക പീഡനം മൂലം മോഹിത് സമ്മര്‍ദ്ദത്തിലായിരുന്നെന്ന് സഹോദരന്‍ രാഹുല്‍ ത്യാഗി പറഞ്ഞു.
2020 ഡിസംബറിലാണ് മോഹിതും പ്രിയങ്കയും വിവാഹിതരായത്. മോഹിത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവര്‍ക്കും ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുളളില്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. രക്താര്‍ബുദം ബാധിച്ച് മോഹിത്തിന്റെ മാതാവ് മരണപ്പെട്ടതോടെ പ്രശ്നങ്ങള്‍ രൂക്ഷമാവുകയായിരുന്നു. ഭര്‍തൃമാതാവിന്റെ മരണത്തിന് മൂന്നുമാസങ്ങള്‍ക്കുശേഷം തന്റെ സഹോദരനോടൊപ്പം വീട്ടിലെത്തിയ പ്രിയങ്ക പണവും സ്വര്‍ണാഭരണങ്ങളുമായി കടന്നുകളയാന്‍ ശ്രമിച്ചെന്നും ഇത് തടഞ്ഞ മോഹിത്തിനോട് തന്നെ പോകാന്‍ അനുവദിച്ചില്ലെങ്കില്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
ഏപ്രില്‍ 15-ന് പ്രിയങ്ക പരാതി നല്‍കിയതായി സംഭലിലെ ചൗഡ പൊലീസിന്റെ ഫോണ്‍ കോള്‍ മോഹിത്തിന് ലഭിച്ചു. ഇതോടെയാണ് താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും ഭാര്യയും കുടുംബവുമാണ് അതിന് കാരണമെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് മോഹിത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വാട്ട്സാപ്പിലൂടെ അയച്ചത്. തന്റെ പക്കല്‍നിന്ന് പണം തട്ടിയെടുക്കാനും വ്യാജ പരാതിയില്‍ കുടുക്കാനും ഭാര്യ പ്രിയങ്ക ശ്രമിച്ചെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. 'മരിക്കുന്നതില്‍ എനിക്ക് ദുഖമില്ല. എന്നാല്‍ എന്റെ മരണശേഷം മകനെ അപായപ്പെടുത്താനുളള ശ്രമമുണ്ടാകുമോ എന്നാണ് ഭയം. ഞാന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ ആരും എന്നെ വിശ്വസിക്കില്ല'- എന്നും മോഹിത്ത് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.