ഉത്തർപ്രദേശിലെ ത്സാൻസിയില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ വിസമ്മതിച്ച ഭാര്യയെ രണ്ടുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേയ്ക്ക് തള്ളിയിട്ട് ഭർത്താവ്.26കാരിയായ തീജ എന്ന യുവതിയെയാണ് ഭർത്താവ് മുകേഷ് അഹിർവാർ ഉപദ്രവിച്ചത്.
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു പരുക്കേറ്റ യുവതി ത്സാൻസി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹം കഴിഞ്ഞ് ആദ്യ ഒരു വർഷം എല്ലാം നല്ലരീതിയില്‍ പോയി. എന്നാല്‍ പിന്നീട് മുകേഷിന്റെ സ്വഭാവം പതുക്കെ മാറിത്തുടങ്ങി. ഇടയ്ക്കിടയ്ക്ക് മുകേഷ് വീട്ടില്‍ നിന്ന് മാറിത്താമസിക്കാൻ തുടങ്ങി.
തിരിച്ചെത്തുമ്ബോള്‍ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാനും തുടങ്ങി. ഇത് പിന്നീട് പതിവായി. കുറച്ച് ദിവസം വീട്ടില്‍ നിന്ന് മാറി നിന്ന മുകേഷ് കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. വീട്ടിലെത്തിയ ഉടൻ മുകേഷ് തീജയെ ഉപദ്രവിച്ചു. കൂടാതെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു.
എന്നാല്‍ യുവതി ഇത് എതിർത്തു. പിന്നാലെയാണ് രണ്ടു നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് യുവതിയെ താഴേയ്ക്ക് തള്ളിയിട്ടത്. ദേഹമാസകലം പരുക്കുകളുണ്ട്. ത്സാൻസി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു