+

ഒരുമാസം പിന്നിട്ട് മണ്ഡലകാലം; അയ്യപ്പദര്‍ശനപുണ്യം തേടി ഇതുവരെയെത്തിയത് 26.81 ലക്ഷം ഭക്തർ

നവംബര്‍ 16 ന് ആരംഭിച്ച ശബരിമല തീര്‍ഥാടനകാലം ഒരു മാസം പിന്നിടുമ്പോള്‍ അയ്യപ്പദര്‍ശനപുണ്യം നേടിയത് 2681460 ഭക്തര്‍. ഡിസംബര്‍ 16 വൈകിട്ട് 8 മണിവരെയുള്ള കണക്ക്പ്രകാരമാണിത്. വിവിധ കാനനപാതകളിലൂടെ എത്തുന്ന ഭക്തരുടെ എണ്ണവും ഇക്കൊല്ലം വര്‍ധിച്ചു

ശബരിമല  : നവംബര്‍ 16 ന് ആരംഭിച്ച ശബരിമല തീര്‍ഥാടനകാലം ഒരു മാസം പിന്നിടുമ്പോള്‍ അയ്യപ്പദര്‍ശനപുണ്യം നേടിയത് 2681460 ഭക്തര്‍. ഡിസംബര്‍ 16 വൈകിട്ട് 8 മണിവരെയുള്ള കണക്ക്പ്രകാരമാണിത്. വിവിധ കാനനപാതകളിലൂടെ എത്തുന്ന ഭക്തരുടെ എണ്ണവും ഇക്കൊല്ലം വര്‍ധിച്ചു. അഴുതക്കടവ്-പമ്പ വഴി 46690 ഭക്തരും സത്രം വഴി 74473 പേരും സന്നിധാനത്തെത്തി. 

പമ്പയില്‍ നിന്ന് ശബരിമലയിലെത്തിയവരുടെ എണ്ണം 2560297 ആണ്. സത്രം വഴി ശരാശരി 4000 പേരാണ് അയ്യപ്പസന്നിധിയിലെത്തുന്നത്. ഒരു മാസം പൂര്‍ത്തിയാകുന്ന ഡിസംബര്‍ 16 ന് ആകെ 66289 ഭക്തരാണ് (വൈകിട്ട് 8 മണിവരെയുള്ള കണക്ക്) മലചവിട്ടിയത്. ഡിസംബര്‍ 8 നാണ് ഏറ്റവും അധികം പേരെത്തിയത് - 101,844 പേര്‍. നവംബര്‍ 24 നും ഭക്തരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞിരുന്നു - 100,867.

അയ്യപ്പ ദര്‍ശനത്തിനായി കാനനപാത വഴി എത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കായി കൃത്യതയാര്‍ന്ന ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വനംവകുപ്പിന്റെ പാണ്ടിത്താവളം സെക്ഷന്‍ ഓഫീസര്‍ ബി. ശിവപ്രസാദ് പറഞ്ഞു. സത്രം, ഉപ്പുപാറ, കഴുതക്കുഴി, പാണ്ടിത്താവളം എന്നിങ്ങനെ നാല് സെക്ഷനുകളാണ് സത്രം വഴിയുള്ള കാനനപാതയിലുളളത്. സത്രം, ഉപ്പുപാറ പോയിന്റുകളില്‍ പോലീസും വനം വകുപ്പുമാണ് തീര്‍ഥാടകരെ കയറ്റിവിടുന്നത്. ബാക്കി പോയിന്റുകളില്‍ സുരക്ഷാ ചുമതല പൂര്‍ണമായും വനം വകുപ്പിനാണ്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, വാച്ചര്‍മാര്‍, എക്കോ ഗാര്‍ഡുകള്‍ തുടങ്ങിയവരാണ് സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത്. വന്യമൃഗങ്ങളില്‍ നിന്ന് ഭക്തര്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി റൈഫിളുകളുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ട്. കൂടാതെ കാനന പാതയിലൂടെ എത്തുന്ന ഭക്തരുടെ സഹായത്തിന് ഫയര്‍ ഫോഴ്‌സിന്റെയും എന്‍ഡിആര്‍എഫിന്റെയും ദേവസ്വത്തിന്റെയും സ്‌ട്രെച്ചര്‍ സംഘവും സജ്ജമാണ്. 

പെരിയാര്‍ വെസ്റ്റ് ഡിവിഷന്റെ കീഴിലുള്ള പമ്പ റേഞ്ചും അഴുത റേഞ്ച് ഉദ്യോഗസ്ഥരും യോജിച്ചാണ് കാനനപാത വഴിയുള്ള ഭക്തരുടെ തീര്‍ഥാടന യാത്രയിലെ സുരക്ഷ ഏകോപിപ്പിക്കുന്നത്.

facebook twitter