നല്ല നാടൻ രുചിയിലൊരു രസികൻ ചക്കക്കുരു മാങ്ങാക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
ചക്കക്കുരു – 500 ഗ്രാം
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
വെള്ളം – 1 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കായം - 1/4 ടീസ്പൂൺ
തേങ്ങ ചിരകിയത് – 1 തേങ്ങയുടേത്
ചെറിയ ഉള്ളി – 2 എണ്ണം
വെളുത്തുള്ളി – 2 അല്ലി
മാങ്ങ – 100 ഗ്രാം
കറിവേപ്പില
താളിക്കാൻ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
ചെറിയുള്ളി – 4 എണ്ണം
വറ്റൽ മുളക് – 3 എണ്ണം
കറിവേപ്പില
തയാറാക്കുന്ന വിധം
തൊലി കളഞ്ഞ ചക്കക്കുരു നാലായി മുറിച്ച് നന്നായി കഴുകി വൃത്തിയാക്കി ഒരു മൺചട്ടിയിലേക്കിട്ട് അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ഒന്നര കപ്പ് വെള്ളവും ചേർത്ത് പാത്രം മൂടി വച്ച് വേവിക്കുക.
ചക്കക്കുരു ഒന്നു തിളച്ചു വരുമ്പോൾ ഒരു മാങ്ങ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞതും അല്പം ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി പാത്രം അടച്ചു വച്ചു വീണ്ടും വേവിക്കുക. ഇത് വേകുന്ന സമയം അരപ്പ് തയാറാക്കാനായി ഒരു തേങ്ങ മുഴുവനായി ചിരകിയതും രണ്ട് ചെറിയുള്ളിയും രണ്ട് അല്ലി വെളുത്തുള്ളിയും ചേർത്ത് നന്നായി അരച്ച് ഈ അരപ്പ് ചക്കക്കുരുവിലേക്ക് ചേർത്ത് നന്നായി ഇളക്കി കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്തിളക്കുക.
ചക്കക്കുരു നന്നായി വെന്തു കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ഇതിലേക്ക് താളിക്കാനായി ഒരു പാനിൽ രണ്ട് ടേബിൾസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് രണ്ടു ടീസ്പൂൺ കടുകിട്ട് പൊട്ടിച്ച് ചെറിയുള്ളി (നാലെണ്ണം) അരിഞ്ഞതും കറിവേപ്പിലയും മൂന്ന് വറ്റൽ മുളക് മുറിച്ചതുമിട്ട് മൂപ്പിച്ച് കറിയിലേക്ക് ചേർത്തിളക്കുക. രുചികരമായ ചക്കക്കുരു മാങ്ങ കറി റെഡി.