ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണിലുള്ള റിസ്പന പാലത്തില്‍ നടന്ന ഒരു അപകടത്തിന് പിന്നാലെ നാട്ടുകാരെല്ലാം ഓടികൂടി. ഓടിക്കൂടിയത് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനാണെന്ന് കരുതിയെങ്കില്‍ തെറ്റി. നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞ മാമ്പഴ ട്രക്കിലുണ്ടായിരുന്ന മാമ്പഴം പെറുക്കി സ്ഥലംവിടുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം.ഓടിക്കൂടിയ പ്രദേശവാസികള്‍ അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയോ എന്നു പോലും ശ്രദ്ധിക്കാതെ ബാഗുകളിലും കൊട്ടകളിലും മാമ്പഴം വാരിക്കൂട്ടി. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
സാമൂഹികമാധ്യമങ്ങളിൽ പലരും സംഭവത്തെ വിമർശിച്ചാണ് കമന്റുകളിട്ടത്. അപകട സാഹചര്യങ്ങള്‍ മുതലെടുക്കുന്ന പൊതുജനങ്ങളെയാണ് ഒരാള്‍ വിമര്‍ശിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ചിലരാണ് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുകയെന്നാണ് ഒരാള്‍ പ്രതികരിച്ചത്. മറ്റുള്ളവര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സന്തോഷിക്കുന്ന മനുഷ്യരുടെ രീതിയെയാണ് ചിലര്‍ വിമര്‍ശിച്ചത്. എതിര്‍വശത്ത് നിന്നുവരികയായിരുന്ന ഒരു കാറിന് വഴി കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് ട്രക്ക് മറിഞ്ഞതെന്ന് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു