മണിപ്പൂരില്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ച് ജെഡിയു,പിന്നാലെ സംസ്ഥാന അധ്യക്ഷനെ പുറത്താക്കി ദേശീയ നേതൃത്വം

08:27 PM Jan 22, 2025 | JB Baby

മണിപ്പൂരില്‍ ജെഡിയു സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ തമ്മില്‍ ഭിന്നത . ബിരേന്‍ സിംഗ് സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ച സംസ്ഥാന അധ്യക്ഷനെ പുറത്താക്കി ദേശീയ നേതൃത്വം. മണിപ്പൂരില്‍ ബി ജെ പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നു എന്ന് കാണിച്ച് ജെഡിയു സംസ്ഥാന അധ്യക്ഷനായ ബിരേന്‍ സിംഗ് ആണ് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയത്.

ജെഡിയുവിന്റെ ഏക എംഎല്‍എയായ എംഡി അബ്ദുല്‍ നസീര്‍ പ്രതിപക്ഷ ബ്ലോക്കില്‍ ഇരിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിലും ബീഹാറിലും പ്രധാന സഖ്യകക്ഷിയായ ജെഡിയു മണിപ്പൂരില്‍ ബിജെപിക്ക് പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. സംസ്ഥാന അധ്യക്ഷന്റെ തീരുമാനം ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കാതെ ആയിരുന്നു എന്ന് പാര്‍ട്ടി ദേശീയ വക്താവ് രാജീവ് രഞ്ജന്‍ പ്രസാദ് പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ ബിരേന്‍ സിങ്ങിനെ പദവിയില്‍ നിന്ന് മാറ്റിയെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി.

2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് എംഎല്‍എമാരാണ് ജെഡിയുവിന് ഉണ്ടായിരുന്നത് എന്നാല്‍ പിന്നീട് അഞ്ച് എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറി. ഇതോടെ ജെഡിയുവിന് ഒരു എംഎല്‍എ മാത്രമായി. എംഎല്‍എമാരെ കൂറുമാറ്റിയ ബിജെപിക്കെതിരെ ജെഡിയു സംസ്ഥാന ഘടകത്തില്‍ വിയോജിപ്പ്. നിലനില്‍ക്കുന്നതിനിടെയായിരുന്നു പിന്‍മാറ്റ നീക്കം.60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 37 എംഎല്‍എമാരാണ് ബിജെപിക്കുളളത്. കൂടാതെ നാഗാ പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടിയുടെ 5 എംഎല്‍എമാരും 3 സ്വതന്ത്രരും ബിജെപി സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ട്.