ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ബോക്സോഫീസില്‍ വമ്പിച്ച നേട്ടം കൊയ്യുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ ലഭിച്ചത്. ചിത്രത്തിന്റെ കളക്ഷൻ ആദ്യ ആഴ്ചയിൽ തന്നെ 50 കോടി കടക്കും എന്ന ഉറപ്പിലാണ് ബോക്സ് ഓഫീസ് കുതിപ്പ്. മൂന്നാം ദിവസത്തിൽ 40 കോടി വേൾഡ് വൈഡ് കളക്ഷനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മാര്‍ക്കോയിലെ പുതിയ ആക്ഷൻ ടീസർ പുറത്തിറങ്ങിയിരുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ മാർക്കോയുടെ പുതിയ ടീസറും ട്രെൻഡിങ്ങാണ്.
ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലൻറ് ഫിലിം എന്ന ലേബലിൽ എത്തുന്ന 'മാർക്കോ'യുടെ സംഗീതമൊരുക്കുന്നത് 'കെ.ജി.എഫ്', 'സലാർ' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.