“ഭ്രമയുഗം കണ്ട് അസൂയ തോന്നി, ” ; മാരി സെൽവരാജ്

08:05 PM Oct 14, 2025 | Kavya Ramachandran

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗം കണ്ടപ്പോൾ മലയാളം സിനിമ ഇൻഡസ്ട്രിയോട് അസൂയ തോന്നിയെന്ന് തമിഴ് സംവിധായകൻ മാരി സെൽവരാജ്. ധ്രുവ് വിക്രം നായകനാകുന്ന തന്റെ പുതിയ സംവിധാന സംരംഭം ബൈസൺ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

“ചിത്രം കണ്ട് അതിലെ ദൃശ്യങ്ങൾ കണ്ട് അമ്പരക്കുകയും, അത് തന്നെ മനസ്സിൽ കിടന്ന് അസൂയ തോന്നി. ആ ചിത്രം തന്നെ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കാൻ ആഗ്രഹം തോന്നി. ഒരു മുഴുനീള ചിത്രം ഒരു ക്യാമറാമാൻ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഷൂട്ട് ചെയ്യുകയും. അതേപടി എഡിറ്റർ ഇരുന്നു എഡിറ്റ് ചെയ്യുകയും ചെയ്യുന്ന ആ പ്രോസസ്സ് ഒക്കെ എത്ര മനോഹരമാണെന്ന് ചിന്തിക്കുകയാണ് ഞാൻ” മാരി സെൽവരാജ് പറയുന്നു.

കബഡിയുടെ പശ്ചാത്തലത്തിൽ ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ബൈസൺ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ അനുപമ പരമേശ്വരൻ, രജിഷ വിജയൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം ഒക്ടോബർ 17 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.

ഫോക്ക്ലോർ സ്വഭാവത്തിൽ കഥ പറഞ്ഞ ചിത്രത്തിൽ കൊടുമൺ പോറ്റിയെന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി ഭ്രമയുഗത്തിൽ അവതരിപ്പിച്ചത്. കൂടാതെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു.