
സിനിമ, ടെലിവിഷൻ മേഖലകളിലെ പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കല്പിത സർവകലാശാലയായ കൊൽക്കത്ത സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്ആർഎഫ്ടിഐ) വിവിധ മസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സിനിമ, ഇലക്‌ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ (ഇഡിഎം) മേഖലകളിലെ വിവിധ സ്പെഷ്യലൈസേഷനുകളിലെ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് (എംഎഫ്എ) പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
പ്രോഗ്രാമുകൾ, സ്പെഷ്യലൈസേഷനുകൾ
• ഫിലിംവിങ്: എംഎഫ്എ സിനിമ (ഒരു വർഷത്തെ ബ്രിഡ്ജ് പ്രോഗ്രാം + രണ്ട് വർഷ എംഎഫ്എ). സ്പെഷ്യലൈസേഷനുകൾ (i) ആനിമേഷൻ സിനിമ (ii) സിനിമറ്റോഗ്രഫി (iii) ഡയറക്‌ഷൻ ആൻഡ് സ്ക്രീൻ പ്ലേ റൈറ്റിങ് (iv) ഫിലിം എഡിറ്റിങ് (v) പ്രൊഡ്യൂസിങ് ഫോർ ഫിലിം ആൻഡ് ടെലിവിഷൻ (vi) സൗണ്ട് െറേക്കാഡിങ് ആൻഡ് ഡിസൈൻ.
• ഇഡിഎം (ഇലക്‌ട്രോണിക്സ് ആൻഡ് ഡിജിറ്റൽ മീഡിയ) വിങ്: എംഎഫ്എ ഇഡിഎം (2 വർഷം). സ്പെഷ്യലൈസേഷനുകൾ: (i) സിനിമറ്റോഗ്രഫി (ii) ഡയറക്‌ഷൻ ആൻഡ് പ്രൊഡ്യൂസിങ് (iii) എഡിറ്റിങ് (iv) മാനേജ്മെൻറ് (v) സൗണ്ട് (vi) റൈറ്റിങ്
യോഗ്യത
എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ആനിമേഷൻ സിനിമ പ്രവേശനം തേടുന്നവർക്ക് ഡ്രോയിങ് പ്രൊഫിഷ്യൻസി വേണം.
തിരഞ്ഞെടുപ്പ്
പ്രാഥമിക റിട്ടൺ സെലക്‌ഷൻ ടെസ്റ്റ്, ഫൈനൽ സെലക്‌ഷൻ ടെസ്റ്റ് ഇന്നീ രണ്ടു ഘട്ടങ്ങൾ അടങ്ങുന്നതാണ് തിരഞ്ഞെടുപ്പ്. ഓരോ ടെസ്റ്റിനും പരമാവധി മാർക്ക് 100. പ്രാഥമിക ഘട്ടത്തിന് തിരുവനന്തപുരവും പരീക്ഷാ കേന്ദ്രമാണ്. ഫൈനൽ ടെസ്റ്റ് കൊൽക്കത്തയിലെ സ്ഥാപനത്തിൽ നടത്തും. ഓഗസ്റ്റ് 10-ന് കോഴ്സിനനുസരിച്ച് രാവിലെയും ഉച്ചയ്ക്കുമായി നടത്തുന്ന മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ആദ്യഘട്ട പരീക്ഷയ്ക്ക് 50 മാർക്ക് വീതമുള്ള രണ്ട് പാർട്ടുകൾ ഉണ്ടാകും. പാർട് എ ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും പാർട് ബി കോമൺ സബ്ജക്ട് ഏരിയാ ടെസ്റ്റും ആയിരിക്കും. നെഗറ്റീവ് മാർക്കിങ് രീതി ഉണ്ട്. പരീക്ഷയുടെ വിശദമായ ഘടന applyadmission.net/srfti2025/ - ൽ ലഭിക്കും. ആദ്യഘട്ട മികവ് പരിഗണിച്ച് ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കുള്ള ഫൈനൽ ടെസ്‌റ്റിൽ അസസ്‌മെൻ്റ് - റിട്ടൺ/ പ്രാക്റ്റിക്കൽ/ഇൻററാക്‌ഷൻ തുടങ്ങിയവയിൽ ഒന്നോ കൂടുതലോ ഘടകങ്ങൾ ഉണ്ടാകാം. ആദ്യഘട്ടത്തിന് 20-ഉം രണ്ടാം ഘട്ടത്തിന് 80-ഉം ശതമാനം മാർക്ക് പരിഗണിച്ച് അന്തിമ മെറിറ്റ് പട്ടിക തയ്യാറാക്കും. മെഡിക്കൽ പരിശോധനയ്ക്കു വിധേയമാണ് സെലക്‌ഷൻ.
വിഷയ ഗ്രൂപ്പിങ്
ലഭ്യമായ പ്രോഗ്രാമുകളിൽ സമാനമായവ ക്ലബ്ബ് ചെയ്ത് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നായി വിഭജിച്ചിട്ടുണ്ട്. പട്ടിക srfti.ac.in ലെ പ്രോസ്പെക്‌ടസിൽ നൽകിയിട്ടുണ്ട്. ഗ്രൂപ്പ് എയിലെ ക്ലബ്ഡ് പ്രോഗ്രാമിൽ ഒന്നിനോ ഗ്രൂപ്പ് ബിയിലെ ക്ലബ്ബ്ഡ് പ്രോഗ്രാമിൽ ഒന്നിനോ അല്ലെങ്കിൽ രണ്ടിനുമോ ഒരാൾക്ക് അപേക്ഷിക്കാം.
അപേക്ഷ
applyadmission.net/srfti2025/ വഴി ജൂലായ് 31 വരെ അപേക്ഷിക്കാം. യോഗ്യതാപ്രോഗ്രാം അന്തിമഫലം കാത്തിരിക്കുന്നവ, ആപേക്ഷാ സമയ പരിധിക്കകം ബിരുദം ലഭിക്കാത്തവർ എന്നിവർക്ക് ഫൈനൽ സെലക്‌ഷൻ ടെസ്റ്റ് ഘട്ടത്തിലുള്ള രേഖാ പരിശോധനാവേളയിൽ യോഗ്യത നേടിയതിന്റെ രേഖ ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് ഓഗസ്റ്റ് നാലുമുതൽ ഒൻപത് വരെ ഡൗൺലോഡ് ചെയ്തെടുക്കാം.