മുംബൈ: ഐപിഎല്‍ 2025 സീസണ്‍ നടന്നുകൊണ്ടിരിക്കെ വാതുവെപ്പുമായി ബന്ധപ്പെട്ട് ടി20 ടീം മുന്‍ ഉടമയെ ബിസിസിഐ വിലക്കി. മുംബൈ ടി20 ലീഗ് ഫ്രാഞ്ചൈസിയുടെ മുന്‍ സഹ ഉടമയായ ഗുര്‍മീത് സിംഗ് ഭംറയെയാണ് ബിസിസിഐ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര വിലക്കിയത്.
ഗ്ലോബല്‍ ടി20 കാനഡയിലും പങ്കാളിയായിരുന്ന ഭംറ, നിലവില്‍ മുംബൈ ടി20 ലീഗിന്റെ ഭാഗമല്ല. സോബോ സൂപ്പര്‍സോണിക്സിന്റെ സഹ ഉടമയായിരുന്നു അദ്ദേഹം. ബിസിസിഐയുടെ അഴിമതി വിരുദ്ധ കോഡിന്റെ നിയമങ്ങള്‍ അനുസരിച്ച് അഞ്ച് വര്‍ഷം മുതല്‍ ആജീവനാന്ത വിലക്ക് വരെ ലഭിച്ചേക്കാം.
സോനു വാസന്‍ എന്ന വ്യക്തി ഭംറയുടെ നിര്‍ദ്ദേശപ്രകാരം മത്സരങ്ങള്‍ ഒത്തുകളിക്കാന്‍ ഭവിന്‍ തക്കറിനെ സമീപിച്ചതായി ഉത്തരവിന്റെ പകര്‍പ്പില്‍ പറയുന്നു. പ്രതിയുടെ നിര്‍ദ്ദേശപ്രകാരം സോനു വാസന്‍ ഭവിന്‍ തക്കറിന് പണവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തതായി തെളിവുണ്ട്. 2024 മാര്‍ച്ചില്‍ മുംബൈയ്ക്കൊപ്പം രഞ്ജി ട്രോഫി നേടിയ ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കുല്‍ക്കര്‍ണിയെ സമീപിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
അതിനിടെ, ഐപിഎല്ലില്‍ വാതുവെപ്പിനും ഒത്തുകളിക്കും സാധ്യതയുണ്ടെന്ന് ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വാതുവെപ്പ് സംഘങ്ങളുമായി ബന്ധമുള്ള ഹൈദരാബാദില്‍ നിന്നുള്ള ഒരു ബിസിനസുകാരന്‍ നിലവില്‍ ഐസിസിയുടെ അഴിമതി വിരുദ്ധ സുരക്ഷാ യൂണിറ്റിന്റെ നിരീക്ഷണത്തിലാണ്.
ഐപിഎല്ലില്‍ ഉള്‍പ്പെട്ട കളിക്കാരെയും ജീവനക്കാരെയും സമീപിക്കാന്‍ ഈ പ്രതി ശ്രമിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഐപിഎല്ലിലെ ഒത്തുകളി പുതിയതല്ല. ലോകത്തിലെ ഏറ്റവും ലാഭകരവും ആരാധകരുമുള്ള ലീഗിന് പേരുദോഷമുണ്ടാക്കുന്നതാണ് ഒത്തുകളി.
ഉന്നത ക്രിക്കറ്റ് കളിക്കാരും വാതുവെപ്പ് മാഫിയയും ഉള്‍പ്പെട്ട 2013 ലെ കുപ്രസിദ്ധമായ വാതുവെപ്പ് അഴിമതി ക്രിക്കറ്റ് പ്രേമികള്‍ക്ക് പരിചിതമാണ്. പ്ലേഓഫില്‍ ഒരു സ്ഥാനത്തിനായി ടീമുകള്‍ കഠിനമായി പോരാടുമ്പോള്‍ വാതുവെപ്പ് സംഘങ്ങളും സജീവമാകുന്നത് ബിസിസിഐ ഗൗരവത്തോടെയാണ് കാണുന്നത്.