കൊച്ചി : പിറന്നാളിന് കുപ്പായം വാങ്ങാൻ അച്ഛനൊപ്പം പോകാനൊരുങ്ങി നില്കുന്നതിനിടെ നാലുവയസ്സുകാരൻ മാത്യുവിന്റെ കാലൊന്ന് വഴുതി. ഒന്നാംനിലയിൽ നിന്ന് അവൻ താഴേക്ക് വീണു. പിന്നെ കണ്ണുതുറന്നില്ല. പക്ഷേ കഴിഞ്ഞദിവസം ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കുമൊപ്പം മാത്യു ജന്മദിന മധുരം നുണഞ്ഞു.
പിറന്നാൾ കുപ്പായം സ്വപ്നം കണ്ടുനിൽക്കെ, മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സഹോദരിയോട് യാത്ര പറയുന്നതിനിടെ കാൽ വഴുതി മാത്യു അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ആദ്യം സൺഷേഡിലും, തുടർന്ന് മുറ്റത്തേക്കും തെറിച്ച് വീണു. നിലവിളി കേട്ട് തമിഴ്നാട് സ്വദേശി അൻപുരാജും, ഭാര്യയും ഓടി ചെല്ലുമ്പോൾ മകന് ബോധമില്ലായിരുന്നു.
കുഞ്ഞിന്റെ ജീവനായി അവിടെ ഒരു പറ്റം ആംബുലൻസ് ഡ്രൈവർമാർ കൈകോർത്തു. ആദ്യം തൃപ്പുണിത്തുറയിലും തുടർന്ന് കളമശ്ശേരി, രാജഗിരി ആശുപത്രികളിലേക്കും കുഞ്ഞുമായി അവർ പാഞ്ഞു. തൃപ്പുണിത്തുറയിലെ ആശുപത്രിയിലെത്തിച്ചാണ് പ്രാഥമിക ചികിത്സ നൽകിയത്. തുടർന്ന് കളമശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. കളമശ്ശേരിയിലേക്കുളള യാത്രക്കിടയിൽ വീണ്ടും കുഞ്ഞിന് അനക്കം നഷ്ടമായി. മാതാപിതാക്കളുടെ നിലവിളികൾക്കിടയിൽ കുഞ്ഞിന് സമയോചിതമായി സിപിആർ നൽകിയത് അംബുലൻസിന്റെ സഹ ഡ്രൈവർ ജോമോനായിരുന്നു. ജോമോന്റെ പരിശ്രമം ഒടുവിൽ വിജയം കണ്ടു. കുഞ്ഞ് കണ്ണ് തുറക്കുകയും, ഛർദ്ദിക്കുകയും ചെയ്തു.
കളമശ്ശേരിയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയ്ക്ക് ഒടുവിൽ കുഞ്ഞിന് വെന്റിലേറ്റർ പിന്തുണ ഏർപ്പെടുത്തി. തുടർന്നാണ് വിദ്ഗധ പരിശോധനയ്ക്കായി ഐസിയു സംവിധാനമുള്ള ആംബുലൻസിൽ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയത്. കളമശ്ശേരിയിൽ നിന്നുളള യാത്രയിൽ കുഞ്ഞിന് അകമ്പടിയായി മൂന്ന് മിനി ആംബുലൻസുകളും, വഴിയൊരുക്കാനായി ജംഗ്ഷനുകളിൽ ഓട്ടോ ഡ്രൈവർമാരും നിരത്തിലിറങ്ങി.
രാജഗിരി ആശുപത്രിയിൽ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ മാത്യുവിനെ അഡ്മിറ്റ് ചെയ്തു. പീഡിയാട്രിക് ഐസിയു, ന്യൂറോസർജറി വിഭാഗത്തിലെ ഡോക്ടർമാർ ചികിത്സയിൽ പങ്കാളികളായി. സാവധാനത്തിൽ വെൻ്റിലേറ്റർ പിന്തുണ നീക്കിയതോടെ മാത്യുവിനെ കുട്ടികളുടെ വാർഡിലേക്ക് മാറ്റി. പ്രാഥമീക ചികിത്സയും, വേഗത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിക്കാൻ കഴിഞ്ഞതും സങ്കീർണതകൾ ഒഴിവാക്കാൻ സഹായകരമായെന്ന് ഡോ.സൗമ്യ മേരി തോമസ് പറഞ്ഞു.
തൃപ്പുണിത്തുറ എരൂരിൽ വാടകയ്ക്ക് താമസിക്കുകയാണ് അൻപുരാജും കുടുംബവും. ഇവരുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി ചികിത്സാച്ചെലവ് ഏറ്റെടുത്ത് ആശുപത്രി മാനേജ്മെന്റും, വണ്ടി വാടക ഒഴിവാക്കി ആംബുലൻസ് ഡ്രൈവർമാരും കൂടെ നിന്നു. അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ മാത്യുവിനോടൊപ്പം കുടുംബം വീട്ടിലേക്ക് മടങ്ങി. മാത്യുവിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് രാജഗിരിആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ അൻപുരാജ് പറഞ്ഞു: ‘നീങ്കെ അൻപാർന്ന മനിതർ.’