+

മാനനഷ്ടക്കേസിൽ മേധാ പട്കർ അറസ്റ്റിൽ

മാനനഷ്ടക്കേസിൽ മേധാ പട്കർ അറസ്റ്റിൽ

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ. ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ സക്‌സേന നൽകിയ മാനനഷ്ടക്കേസിലാണ് അറസ്റ്റ്. 24 വർഷം പഴക്കമുള്ള കേസിൽ സാകേത് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ന് മേധാ പട്കറെ ഡൽഹിയിലെ സാകേത് കോടതിയിൽ ഹാജരാക്കും.

2000 ത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗുജറാത്ത് സർക്കാരിന്റെ സർദാർ സരോവർ പദ്ധതിയെ അന്ന് ഗുജാറത്തിൽ എൻജിഒ നടത്തുകയായിരുന്ന വി.കെ സക്‌സേന പിന്തുണച്ചിരുന്നു. പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മേധാ പട്കറുടെ നർമ്മദ ബചാവോ ആന്ദോളൻ രംഗത്തെത്തിയിരുന്നു. ആ സമയത്ത് സക്‌സേനയെ പേടിത്തൊണ്ടനെന്നും ഹവാല ഇടപാടുകൾ നടത്തുന്ന ആളെന്നും മേധാ പട്കർ വിശേഷിപ്പിച്ചെന്നാണ് പരാതി.

ഇതുസംബന്ധിച്ചാണ് സക്‌സേന മാനനഷ്ടത്തിന് കേസ് നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഏപ്രിൽ എട്ടിന് മേധാ പട്കർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൂടാതെ പത്ത് ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. എന്നാൽ ബോണ്ട് തുക കെട്ടിവെക്കാത്ത പശ്ചാത്തലത്തിലാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

facebook twitter