സ്ത്രീകളെ സംബന്ധിച്ച് അവരെ ഏറെ ബുദ്ധിമുട്ടിക്കുന്നതാണ് ആർത്തവ വേദന. കഠിനമായ വയറുവേദന, വയറുവീർക്കുക എന്നുതുടങ്ങി ചെറിയ ജോലികൾ പോലും ചെയ്യാനാകാത്ത മാനസികാവസ്ഥയിലേക്ക് ഈ ബുദ്ധിമുട്ട് പലപ്പോഴും സ്ത്രീകളെ എത്തിക്കാറുണ്ട്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കുന്ന വേദനസംഹാരികൾ താത്ക്കാലി ആശ്വാസം നൽകിയേക്കാമെങ്കിലും അവ എല്ലായ്പ്പോഴും ഫലപ്രദമാകണമെന്നില്ല.
ഇപ്പോഴിതാ, ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത പ്രതിവിധികൾ പങ്കുവെയ്ക്കുകയാണ് ഹെൽത്ത് ന്യൂട്രീഷ്യനിസ്റ്റ് ഖുഷി ഛബ്ര. 'പാർശ്വഫലങ്ങളില്ലാതെ ആർത്തവ വേദന സ്വാഭാവികമായി കുറയ്ക്കാം' എന്ന ക്യാപ്ഷനോടെയാണ് അവർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇവർ പറയുന്ന വസ്തുക്കൾ എങ്ങിനെ ശരീരത്തിലെ വീക്കം കുറയ്ക്കാനും രക്തയോട്ടം വർധിപ്പിക്കാനും ആർത്തവ സമയത്തെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്നും ഇവർ പറയുന്നു.
പൈനാപ്പിളും കറുവപ്പട്ടയും
പൈനാപ്പിളിന് മുകളിൽ അല്പം കറുവപ്പട്ട പൊടി വിതറി കഴിക്കുന്നത് ആർത്തവ വേദന സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഖുഷി ഛബ്ര പറയുന്നത്. ഗർഭാശയ പേശികൾക്ക് അയവ് വരുത്താനും, വീക്കം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന സംയുക്തങ്ങൾ ഈ രണ്ട് ചേരുവകളിലും അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ സമയത്തെ അസ്വസ്ഥതകൾ കുറച്ചേക്കും. പൈനാപ്പിളിലെ ബ്രോമെലൈൻ(bromelain) വീക്കം കുറയ്ക്കുകയും ഗർഭാശയ പേശികൾക്ക് അയവ് വരുത്തുകയും ചെയ്യുന്നു. മറുവശത്ത്, കറുവപ്പട്ടയിൽ അടങ്ങിയിട്ടുള്ള cinnamaldehyde രക്തയോട്ടം മെച്ചപ്പെടുത്താനും ആർത്തവ വേദന കുറയ്ക്കാനും സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ്
70 ശതമാനമോ അതിൽ കൂടുതലോ കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റിൽ സെറോടോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പേശികൾക്ക് അയവ് വരുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ധാരാളം വെള്ളം കുടിക്കുക
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നതും ലഘുവായ നടത്തം ദിനചര്യയുടെ ഭാഗമാക്കുന്നതും വയറുവീർക്കുന്നത് തടയും.
മത്തൻ വിത്തുകൾ
മത്തൻ, ഫ്ളാക്സ് എന്നിവയുടെ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അവയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും സിങ്കും ഹോർമോൺ ബാലൻസ് മെച്ചപ്പെടുത്തുകയും ആർത്തവ സമയത്തെ അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യുന്നു.
ഇഞ്ചി-കറുവപ്പട്ട വെള്ളം
ഇഞ്ചി-കറുവപ്പട്ട വെള്ളം പേശികൾക്ക് അയവ് വരുത്താൻ സഹായിക്കുമെന്നാണ് ഇവർ പറയുന്നത്. ഇത് വീക്കം തടയുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.