പ്രവാസത്തിന്റെ ചൂടിൽ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓർമയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി..

06:53 PM Dec 09, 2025 | AVANI MV

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തുന്ന 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ 'മണല് പാറുന്നൊരീ' ലിറികൽ വീഡിയോ പുറത്തിറങ്ങി. സുജേഷ് ഹരിയുടെ വരികൾക്ക്, സൂരജ് എസ്. കുറുപ്പാണ് ഈണം പകർന്നിരിക്കുന്നത്. ഷഹബാസ് അമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന് തിയേറ്ററുകളിൽ എത്തും. ലൂക്ക, മാരിവില്ലിൻ ഗോപുരങ്ങൾ എന്നീ സിനിമകൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന പ്രണയചിത്രമാണിത്. അലൻസ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലീം അഹമ്മദാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സനൽ- ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം പ്രശസ്ത ഛായഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കിരൺ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പുമാണ്. കലാസംവിധാനം അനീസ് നാടോടിയും വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിർവഹിച്ചിരിക്കുന്ന 'മിണ്ടിയും പറഞ്ഞും' തിയേറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി. ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.