കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി

01:00 PM Sep 02, 2025 | Renjini kannur

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി. ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് വൈസ് ചാന്‍സലറുടേതായിരുന്നു തീരുമാനം. കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പകരം ചുമതല. സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ മിനി കാപ്പന്‍ ചുമതല ഒഴിയും.

നിലവില്‍ യോഗത്തില്‍ മിനി കാപ്പന്‍ പങ്കെടുക്കുന്നുണ്ട്.രജിസ്ട്രാർ കെ എസ് അനിൽകുമാറിൻറെ സസ്പെൻഷൻ റദ്ദാക്കിയ യോഗത്തിന് ശേഷം ഇതാദ്യമായാണ് വീണ്ടും സിൻഡിക്കേറ്റ് ചേരുന്നത്. മിനി കാപ്പനെ ചൊല്ലിയുള്ള തർക്കം യോഗത്തിൽ അവസാനിച്ചു.തീരുമാനം ഔദ്യോഗികമാകുന്നതോടെ മിനി കാപ്പന്‍

ചുമതലയില്‍ നിന്ന് ഒഴിയും. നേരത്തെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍ തന്നെ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് കത്തയച്ചിരുന്നു. പദവി ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചാണ് വിസിക്ക് കത്ത് നല്‍കിയത്. സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളായിരുന്നു സര്‍വകലാശാലയിലെ രജിസ്ട്രാര്‍ ചുമതലയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കം.