വികസന കാര്യത്തിൽ കേരളം പുതുമാതൃകകൾ സൃഷ്ടിക്കുന്നു : മന്ത്രി എ കെ ശശീന്ദ്രൻ

08:35 PM Oct 18, 2025 |


കോഴിക്കോട് :നാടിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വികസന നേട്ടങ്ങൾ എല്ലാ മേഖലകളിലും നടപ്പാക്കി പുതിയ വികസന മാതൃക സൃഷ്ടിക്കുകയാണ് കേരളമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നന്മണ്ട ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനവും അതിദാരിദ്ര്യമുക്ത പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി. വികസനം താഴെത്തട്ടിൽ എത്തിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് പ്രധാനമാണ്. വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. 

പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ നിർവഹിച്ചു. സംസ്ഥാന സർക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഭരണ നേട്ടങ്ങളുടെ അവതരണം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വീഡിയോ സന്ദേശം പ്രദർശനം, ചർച്ച എന്നിവ സദസ്സിന്റെ ഭാഗമായി നടന്നു. ഹരിത കർമസേന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. 

പഞ്ചായത്തിലെ സാംസ്‌കാരിക നിലയം നവീകരിക്കുക, ഇടവിള കൃഷി വ്യാപകമാക്കാൻ പദ്ധതി ആവിഷ്‌കരിക്കുക, ലഹരി നിർമാർജനത്തിന് പദ്ധതികൾ ഒരുക്കുക, റോഡുകൾക്കൊപ്പം അഴുക്കുചാൽ സംവിധാനവും കാര്യക്ഷമമാക്കുക, വയോജനക്ഷേമ പദ്ധതികൾ മെച്ചപ്പെടുത്തുക, പഞ്ചായത്തിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷും സർക്കാറിന്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് റിസോഴ്‌സ് പേഴ്സൺ കെ സജിനയും അവതരിപ്പിച്ചു.

നന്മണ്ട ഇ കെ നായനാർ സ്മാരക ഓപൺ സ്റ്റേജിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷയായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ഹരിദാസൻ ഈച്ചരോത്ത്, ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ രാജൻ മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷരായ പ്രതിഭ രവീന്ദ്രൻ, കുണ്ടൂർ ബിജു, വിജിത കണ്ടികുന്നുമ്മൽ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ രാജൻ മാസ്റ്റർ, സിഡിഎസ് ചെയർപേഴ്‌സൺ വി കെ സാവിത്രി, അസി. സെക്രട്ടറി കെ എം മുംതാസ്, ഡോ. കെ ദിനേശൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.