
കോട്ടയം: തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉൾപ്പെടെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വൈദ്യുതലൈന്‍ തൊട്ടുമുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നും അദ്ദേഹം വിമർശിച്ചു. വിദ്യാർഥിയുടെ മരണത്തിൽ വിവാദ പരാമർശം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണിക്കെതിരേയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു.
ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രിയാണ് സൂംബാ ഡാൻസ് കളിച്ചത്. ഇവർക്കൊന്നും മനഃസാക്ഷിയില്ലേ എന്നും അദ്ദേഹം ചോദിച്ചു. മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കുട്ടി മുകളില്‍ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. കുട്ടികള്‍ മുകളില്‍ കയറുന്നത് സ്വാഭാവികമാണ്. കുട്ടിയുടെ കുഴപ്പമാണ് എന്നത് പുതിയ കണ്ടുപിടുത്തമാണ്. ഇതാണ് നമ്മുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍. ഓരോ മരണത്തിന്റെയും ഉത്തരവാദിത്തത്തില്‍ നിന്നും ഈ മന്ത്രിമാര്‍ ഒഴിഞ്ഞുമാറും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷ ഓഡിറ്റിങ് നടത്തുകയാണ് വേണ്ടത്. വയാനാട്ടിലെ സ്‌കൂളില്‍ പെണ്‍കുട്ടി പാമ്പു കടിയേറ്റ് മരിച്ചപ്പോള്‍ സ്‌കൂളുകളില്‍ സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതാണ്. ആശുപത്രിയിലും ഇത്തരം ഓഡിറ്റിങ് വേണമെന്നും ആവശ്യപ്പെട്ടിരുന്നതാണ്. എന്നിട്ടാണ് ഇന്നലെ മന്ത്രിയുടെ നേതൃത്വത്തില്‍ സൂംബ ഡാന്‍സ് നടത്തിയത്. വയനാട്ടില്‍ കടുവ സ്ത്രീയെ കടിച്ചു കൊന്ന ദിവസമാണ് വനംമന്ത്രി ഫാഷന്‍ ഷോയില്‍ പാട്ടു പാടിയത്. ഇന്നലെ മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രിയാണ് സൂംബാ ഡാന്‍സ് കളിച്ചത്. ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ?- പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. സ്‌കൂളുകളില്‍ സുരക്ഷാ ഓഡിറ്റിങ് വേണം. വീഴ്ചകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വേണ്ടത്. എന്നാല്‍ അതിനു പകരം മാറിനിന്ന് പരിഹസിക്കുകയാണ്. ചെരുപ്പ് എടുക്കാന്‍ മുകളില്‍ കയറിയ കുട്ടിയെയാണ് ഇപ്പോള്‍ കുറ്റവാളിയാക്കിയിരിക്കുന്നത്. മന്ത്രിമാരെയും അവരുടെ നാവിനെയും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. മനുഷ്യനെ പ്രയാസപ്പെടുത്തുന്ന രീതിയില്‍ മന്ത്രിമാര്‍ സംസാരിക്കരുത്. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ ശ്രമിക്കുന്ന സിപിഎം നേതാക്കള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.