കണ്ണൂർ : പുത്തൻ അറിവുകൾ സൃഷ്ടിക്കുന്നവരാകാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കുക എന്നതാണ് അധ്യാപകരുടെ പുതിയദൗത്യമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുമന്ത്രി ആർ ബിന്ദു പറഞ്ഞു. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശിക്ഷക് സദനിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ എൻക്വയർ-2025 ന്റെ ഉദ്ഘാടനവും സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള ആദരവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വിവര സാങ്കേതിക വിദ്യയുടെ വികാസം മൂലം അറിവുശേഖരിക്കൽ വളരെ എളുപ്പമായെന്നും ഇത്തരത്തിൽ ലഭിക്കുന്ന അറിവുകൾ ഉപയോഗിച്ച് സമൂഹത്തിനും മാനവരാശിക്കുതന്നെയും ഉപയോഗപ്പെടുത്താവുന്ന അറിവുകൾ സൃഷ്ടിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിശാലമായ സംസ്കാരത്തിൽ അലിഞ്ഞുചേർന്ന സാംസ്കാരിക ധാരകളെ തമസ്ക്കരിക്കാനും ചരിത്ര, ശാസ്ത്ര സത്യങ്ങളെ വക്രീകരിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ നിലനിർത്താൻ അധ്യാപകർ ജാഗരൂകരാകണം. ക്ലാസ് മുറികൾ അറിവുകളുടെ പ്രാഥമിക സ്രോതസുകളായിരുന്ന കാലം മാറിയ സാഹചര്യത്തിൽ അധ്യാപനം പുനർ നിർവചിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
കെ.വി സുമേഷ് എം എൽ എ അധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി വിശിഷ്ടാതിഥിയായി. സർവീസിൽ നിന്ന് വിരമിക്കുന്ന ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ, സീനിയർ ലക്ചറർ കെ.കെ സന്തോഷ് കുമാർ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
എസ് സി ആർ ടി ഡയറക്ടർ ഡോ. ആർ.കെ ജയപ്രകാശ്, എൻ സി ആർ ടി അസിസ്റ്റന്റ് പ്രൊഫസർ ഡോ. മധുസൂദനൻ ഭരതാഞ്ജലി എന്നിവർ മുഖ്യപ്രഭാഷകരായി.പ്രൈമറി, സെക്കന്ററി, ഹയർസെക്കണ്ടറി മേഖലകളിൽ അധ്യാപകർ തയാറാക്കിയ ഗവേഷണ പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. ഹയർസെക്കൻഡറി വിഭാഗം ആർഡിഡി ആർ രാജേഷ് കുമാർ, കണ്ണൂർ ഡിഡിഇ കെ.പി നിർമല, വൊക്കേഷണൽ ഹയർസെക്കണ്ടറി എ ഡി ഇ ആർ ഉദയകുമാരി, സമഗ്രശിക്ഷാ കേരളം ഡിപിസി ഇ.സി വിനോദ്, വിദ്യാകിരണം കോ ഓ-ഡിനേറ്റർ കെ.സി സുധീർ, കൈറ്റ് ജില്ലാ കോ-ഓഡിനേറ്റർ കെ സുരേന്ദ്രൻ, ഡയറ്റ് സീനിയർ ലക്ചറർ ഡോ. എസ്.കെ ജയദേവൻ, ഡയറ്റ് ലക്ചറർ കെ രാകേഷ്, റിട്ട. സീനിയർ ലക്ചറർ പി.വി പുരുഷോത്തമൻ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.