സംസ്ഥാനത്ത് കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിനായി കേന്ദ്രം നൽകേണ്ട സംഭരണ വില വിഹിതം ലഭിക്കുന്നില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2017-18 മുതൽ കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടി വരുന്നത്. കർഷകർക്ക് നെല്ലിന്റെ വിലകൊടുക്കാൻ പൂർണ്ണമായും പണം സംസ്ഥാന സർക്കാർ നൽകുകയാണെന്നും ഓണത്തിന് മുൻപ് കേന്ദ്ര വിഹിതം പൂർണ്ണമായും നൽകണമെന്നും മന്ത്രി പറഞ്ഞു.
2017 -18 സാമ്പത്തിക വർഷം മുതൽ 1259 കോടി രൂപ കേന്ദ്രത്തിൽ നിന്നും ലഭിക്കാനുണ്ട്. 2024-25 സംഭരണ വർഷത്തിൽ കർഷകരിൽ നിന്നും സംഭരിച്ചിട്ടുള്ള നെല്ലിന്റെ എം.എസ്.പി ഇനത്തിൽ കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ടത് 1342 കോടി രൂപയാണ്. ആകെ സംസ്ഥാനത്തെ കർഷകർക്ക് ലഭിക്കേണ്ടത് 2601 കോടി രൂപയാണ്. മൂന്ന് മാസം കൂടുമ്പോൾ ക്ലയിമുകൾ കേന്ദ്ര സർക്കാരിന് നൽകുന്ന പതിവാണ് നിലവിലുണ്ടായിരുന്നത്. അഡ്വാൻസ് നൽകുന്നതിനുള്ള പ്രൊവിഷനും ഉണ്ടായിരുന്നു. 2025-26 സംഭരണ വർഷം മുതൽ അഡ്വാൻസ് പ്രൊവിഷൻ പൂർണ്ണമായും പിൻവലിച്ചു പ്രതിമാസം ക്ലയിം നൽകണമെന്നാണ് കേന്ദ്രത്തിന്റെ വ്യവസ്ഥ. ഇതുപ്രകാരം 2025 ഏപ്രിൽ - മെയ് മാസങ്ങളിലെ 159 കോടി രൂപയുടെ ക്ലയിമും നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ വികേന്ദ്രീകൃതധാന്യ സംഭരണ പദ്ധതിയുടെ കീഴിലാണ് രാജ്യത്ത് മുഴുവൻ ധാന്യ സംഭരണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലെയും നെല്ല് സംഭരണം. താങ്ങുവില നിശ്ചയിക്കുന്നതും നൽകുന്നതും കേന്ദ്ര സർക്കാരാണ്. കേരളത്തിലെ കർഷകരെ സഹായിക്കുന്നതിന് വേണ്ടി അധികമായി ഒരു പ്രോത്സാഹന ബോണസ് കൂടി സംസ്ഥാന സർക്കാർ നിശ്ചയിച്ച് നൽകുന്നു. ഇത് രണ്ടും ചേർന്നതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും ഉയർന്ന വില സംസ്ഥാനത്ത് ലഭിക്കുന്നത്.
2024-25 ലെ ഒന്നാം വിളയിൽ 57,529 കർഷകരിൽ നിന്നായി 1.45 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായ 412.4 കോടി രൂപ പൂർണ്ണമായും കർഷകർക്ക് വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം വിള സംഭരണം ഈ ജൂലൈയിലാണ് അവസാനിച്ചത്. 1,49,615 കർഷകരിൽ നിന്നായി 4.35 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇതിൻറെ വിലയായി നൽകേണ്ട 1232 കോടി രൂപയിൽ 873 കോടിയും നൽകിക്കഴിഞ്ഞു. ഈ സംഭരണ വർഷം ആകെ കർഷകർക്ക് വിതരണം ചെയ്യേണ്ട 1645 കോടി രൂപയിൽ 1285 കോടി രൂപയും വിതരണം ചെയ്തു. ഇനി നൽകാൻ അവശേഷിക്കുന്ന 359.36 കോടി രൂപ പൂർണമായും ഓണത്തിന് മുൻപ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
2024-25 സാമ്പത്തിക വർഷത്തിൽ സംസ്ഥാന പ്രോത്സാഹന ബോണസ്സ് ഇനത്തിൽ കേരള സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയ 577.5 കോടി രൂപയും 2025 - 26 സാമ്പത്തിക വർഷത്തിൽ വകയിരുത്തിയ 606 കോടി രൂപയും കർഷകർക്ക് സംഭരണ വില നൽകാനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം പ്രോത്സാഹന ബോണസ് നൽകുന്നതിനു വേണ്ടി വകയിരുത്തിയ തുക കർഷകർക്ക് സംഭരണ വില പൂർണ്ണമായും നൽകാൻ ഉപയോഗപ്പെടുത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു.
ഗുണനിലവാരവുമായി ബന്ധപ്പെട്ടു കൊണ്ടും OTR മായി ബന്ധപ്പെട്ടുകൊണ്ടും കേന്ദ്രത്തിൻറെ മാനദണ്ഡങ്ങൾ കേരളത്തിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും ചേരാത്തതാണ്. ഇതുകൊണ്ട് കുട്ടനാട് ഉൾപ്പെടെയുള്ള കർഷകരുടെ നെല്ല് സംഭരിക്കുമ്പോൾ എഫ്.സി.ഐയുടെ ഗുണനിലവാരം (Fair Average Quality) പാലിക്കാൻ കഴിയാത്തതിനാൽ ഒട്ടേറെ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. സംസ്ഥാന സർക്കാരിൻറെ സമയോചിതമായ ഇടപെടലിലൂടെ അവ പരിഹരിച്ച് പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.