സര്‍ക്കാര്‍ ലക്ഷ്യം എല്ലാവര്‍ക്കും ഭൂമി : മന്ത്രി കെ രാജന്‍

08:43 PM Aug 07, 2025 |


പത്തനംതിട്ട : എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. കടമ്പനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെയും അടൂര്‍ നിയേജക മണ്ഡലത്തിലെ പട്ടയ വിതരണ ഉദ്ഘാടനവും കെആര്‍കെപിഎം സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പട്ടയം നല്‍കിയത്. ഇത് അഞ്ചു ലക്ഷമാക്കാനാണ് ശ്രമം. തലചായ്ക്കാന്‍ എല്ലാവര്‍ക്കും ഭൂമി വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. വ്യത്യസ്തങ്ങളായ നിരവധി പ്രശ്‌നങ്ങള്‍ അതിജീവിച്ചാണ് ലക്ഷ്യം കണ്ടത്. 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ' എന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ 39 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. അടൂര്‍ താലൂക്കിലെ പെരിങ്ങനാട് വില്ലേജിലെ പള്ളിക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളനിയിലെ 17 കൈവശക്കാര്‍ പട്ടയം ഏറ്റുവാങ്ങി. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനാണ് അന്ത്യമായത്. പട്ടയത്തിനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 2.5 ലക്ഷം രൂപയാക്കി ഉയര്‍ത്തും.

വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാകുന്നത് ശ്രദ്ധേയ മാറ്റമാണ്. 2020-21 പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപയും ചിറ്റയം ഗോപകുമാറിന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 5.5 ലക്ഷം രൂപ വിനിയോഗച്ചാണ് കടമ്പനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിച്ചത്. അടൂര്‍ നിയോജകമണ്ഡലത്തില്‍ അവശേഷിക്കുന്ന രണ്ട് വില്ലേജ് ഓഫീസുകളും വൈകാതെ സ്മാര്‍ട്ടാകും. ഇതോടെ മണ്ഡലം സമ്പൂര്‍ണ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് എന്ന ലക്ഷ്യത്തിലെത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വികസന വിപ്ലവമാണെന്ന് അധ്യക്ഷന്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 2016 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണമേറ്റതോടെ സംസ്ഥാനം വികസന പാതയിലായി. റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ എല്ലാ മേഖലയിലും വികസനമെത്തി. കിഫ്ബിയിലൂടെ വികസനത്തിന്റെ പുതുവഴി തുറന്നു. വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി. വേലുത്തമ്പി ദളവ മ്യൂസിയം, അടൂര്‍ ജനറല്‍ ആശുപത്രി എന്നിവയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
പട്ടയ മേള സംഘടിപ്പിച്ച് എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കി. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നം മൂലമാണ് പെരിങ്ങനാട് വില്ലേജിലെ പള്ളിക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളനിയിലെ കൈവശക്കാര്‍ക്ക് പട്ടയം ലഭിക്കാതിരുന്നത്. പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി ഇവ പരിഹരിച്ചു. പള്ളിക്കല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കൈവശമുള്ള ഭൂമിക്കും പട്ടയം നല്‍കി. ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, സി കൃഷ്ണകുമാര്‍, കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് ഷിബു, വിമല മധു, കടമ്പനാട് ഗ്രാമപഞ്ചായത്ത് അംഗം റ്റി പ്രസന്നകുമാര്‍, എഡിഎം ബി ജ്യോതി, അടൂര്‍ ആര്‍ഡിഒ എം ബിപിന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.