പട്ടികവർഗ യുവജന വിനിമയപരിപാടി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും

08:32 PM Feb 03, 2025 | AVANI MV

പതിനാറാമത് പട്ടികവർഗ യുവജന സാംസ്‌കാരിക വിനിമയ പരിപാടി ഫെബ്രുവരി 4ന് രാവിലെ 9.30ന് കൈമനത്തുള്ള റീജിയണൽ ടെലികോം ട്രെയിനിങ് സെന്ററിൽ വച്ച് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം മേരാ യുവഭാരത്. നെഹ്‌റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പദ്മശ്രീ ലക്ഷ്മിക്കുട്ടിഅമ്മ മുഖ്യാതിഥിയാവും. ജില്ലാ കളക്ടർ അനുകുമാരി, എൽ.ഡബ്ല്യൂ.ഇ ഡിവിഷൻ സെക്യൂരിറ്റി അഡ്വൈസർ കേണൽ ആശിഷ് ശർമ്മ തുടങ്ങിയവർ സംസാരിക്കും.

ഒഡീഷ, ചണ്ഡീഗഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ വികസനരംഗത്ത് പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ 200 യുവതി യുവാക്കളാണ് ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാനും രാഷ്ട്രനിർമ്മാണ പരിപാടികളിൽ അവരെ പങ്കാളികളാക്കിക്കൊണ്ട് മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളിലെ ക്ലാസുകൾക്ക് പുറമെ സംഘാംഗങ്ങൾക്ക് കേരള നിയമസഭ, വിക്രം സാരാഭായ് സ്‌പേസ് സെന്റർ, ടെക്‌നോപാർക്ക്, സ്‌പോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ പഠനയാത്രയും കോവളം ബീച്ച്, മ്യൂസിയം, മൃഗശാല എന്നിവ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരി 9 വരെയുള്ള പട്ടികവർഗ യുവജന വിനിമയ പരിപാടിയിൽ പട്ടികജാതി, പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ, എം പി ഡോ. ശശി തരൂർ, മുൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ്, സബ് കളക്ടർ ആൽഫ്രഡ് ഓ.വി, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി പാർവതി തുടങ്ങിയവർ പങ്കെടുക്കും.