
എം വി ഡി ലീഡ്‌സ്, സിവിക് ഐ മൊബൈൽ ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. സ്‌കൂൾ കുട്ടികൾ മുതൽ എല്ലാ വിഭാഗത്തിലുള്ളവരിലേക്കും ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരും ഇൻസ്ട്രക്ടർമാരുമുൾപ്പെടെ ആപ്പിലൂടെയുടെ പരീക്ഷ മൂന്ന് മാസം കൂടുമ്പോൾ പരീക്ഷ പാസാകണം. കെ എസ് ആർ ടി സി കൺസഷന് ഉൾപ്പെടെ മൊബൈൽ ആപ്ലിക്കേഷനിലൂടെ അനുമതി നൽകുന്നതിനുള്ള സംവിധാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ട്രാൻസ്‌പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജു ചടങ്ങിന് സ്വാഗതമാശംസിച്ചു. കെ എസ് ആർ ടി സി സി എം ഡി പ്രമോജ് ശങ്കർ, കെ എസ് ആർ ടി സി ഫിനാൻഷ്യൽ അഡൈ്വസർ ഷാജി എന്നിവർ സംബന്ധിച്ചു. ലേണേഴ്സ് ലൈസൻസിന് അപേക്ഷിക്കുന്നവരെ സഹായിക്കാനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ടാണ് ലീഡ്‌സ് ആപ്പ്. ഈ ആപ്പിൽ ഡ്രൈവിംഗ് സിദ്ധാന്തം, റോഡ് അടയാളങ്ങൾ, റോഡ് മാർക്കിംഗുകൾ എന്നിവയെക്കുറിച്ചുള്ള പഠനസാമഗ്രികൾ, ഡ്രൈവിംഗ് നുറുങ്ങുകൾ, ചോദ്യബാങ്കുകൾ, യഥാർത്ഥ പരീക്ഷയെ അനുകരിക്കുന്ന മോക്ക് ടെസ്റ്റുകൾ എന്നിവ ലഭ്യമാകും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്രക്രിയ ലളിതമാക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, ഉപയോക്താക്കളുടെ പ്രകടനം വിലയിരുത്താനും, സാധാരണയായി സംഭവിക്കുന്ന തെറ്റുകൾ ഗ്രാഫുകളിലൂടെ മനസ്സിലാക്കാനും, അതുവഴി പോരായ്മകൾ പരിഹരിക്കാനും സാധിക്കും.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ആപ്പ് ലഭ്യമാകും. ഇത് കൂടുതൽ ആളുകളിലേക്ക് ആപ്പ് എത്തുന്നതിന് സഹായിക്കും. വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസ്സുകളിൽ കൺസഷൻ ടിക്കറ്റുകൾ ക്ലെയിം ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. ഇത് ആപ്പിനെ ഒരു വിദ്യാഭ്യാസ ഉപകരണം എന്നതിലുപരി പ്രായോഗികമായ ഒന്നാക്കി മാറ്റുന്നു. പഠിതാക്കളുടെ ലൈസൻസ് നേടുന്ന പ്രക്രിയ ലളിതമാക്കാനും റോഡ് സുരക്ഷാ അവബോധം ശക്തിപ്പെടുത്താനും ഇത് സഹായിക്കും.
ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സിവിക് ഐ. ആപ്‌ളിക്കേഷൻ തുറക്കുമ്പോൾ തന്നെ ക്യാമറ തുറക്കുന്നതിനാൽ വളരെ പെട്ടെന്ന് ഫോട്ടോ എടുക്കാൻ കഴിയുന്നു. ജിയോ ടാഗിംഗിനൊപ്പം വീഡിയോ റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ആപ്ലിക്കേഷനിലുണ്ട്. ഗതാഗത വകുപ്പിന്റെ വിർച്വൽ പി ആർ ഒയുടെയും മാസ്‌കോട്ടായ ഓഫീസർ മോട്ടുവിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.