+

അടിസ്ഥാന സൗകര്യ വികസനം പുതിയ തൊഴിൽ സാധ്യത സൃഷ്ടിക്കുന്നു- മന്ത്രി കെ.എൻ ബാലഗോപാലൻ

 അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കേരളത്തിൽ പുതിയ തൊഴിൽ സാധ്യതകൾ ഉണ്ടാകുന്നുണ്ടെന്നും ഇതിലൂടെ യുവജനങ്ങൾക്ക് വിദേശങ്ങളിലേക്ക് ജോലി തേടി പോകേണ്ട സാഹചര്യം ഇല്ലാതാകുമെന്നും ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

കണ്ണൂർ  : അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കേരളത്തിൽ പുതിയ തൊഴിൽ സാധ്യതകൾ ഉണ്ടാകുന്നുണ്ടെന്നും ഇതിലൂടെ യുവജനങ്ങൾക്ക് വിദേശങ്ങളിലേക്ക് ജോലി തേടി പോകേണ്ട സാഹചര്യം ഇല്ലാതാകുമെന്നും ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ചെറുപുഴ സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ട്രഷറി സംവിധാനമാണ് കേരളത്തിലേത്. ട്രഷറികളുടെ നവീകരണത്തിന്റെ ഭാഗമായി ഇടപാടുകാരുടെ അഭിപ്രായങ്ങളുംകൂടി പരിഗണിച്ചാണ് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷനായി. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ (ടിഐഡിപി) ഉൾപ്പെടുത്തി ചെറുപുഴ പഞ്ചായത്ത് ഓഫീസിനു സമീപം ജനകീയ സമിതിയുടെ നേതൃത്വത്തിൽ വാങ്ങി നൽകിയ സ്ഥലത്താണ് പുതിയ ട്രഷറി കെട്ടിടം നിർമിക്കുക. 1,66,10,202 രൂപയാണ് അടങ്കൽ തുക. എച്ച് എൽ എൽ ലിമിറ്റഡിനാണ് നിർമാണ ചുമതല. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എഫ് അലക്സാണ്ടർ, എരമം - കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ രാമചന്ദ്രൻ, ജില്ലാപഞ്ചായത്ത് അംഗം എം രാഘവൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ദാമോദരൻ മാസ്റ്റർ, ചെറുപുഴ ഗ്രാമപഞ്ചായത്ത് അംഗം എം ബാലകൃഷ്ണൻ, ട്രഷറി വകുപ്പ് ഡയറക്ടർ വി സാജൻ, കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ കെ.ജി രമാദേവി, ജില്ലാ ട്രഷറി ഓഫീസർ ടി ബിജു, ട്രഷറി സ്ഥലം വാങ്ങൽ ജനകീയ കമ്മിറ്റി കൺവീനർ കെ.ഡി അഗസ്റ്റിൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

facebook twitter