
കോഴിക്കോട് : കേരളത്തിലെ ഗ്രാമങ്ങളെല്ലം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്ന് തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. നാദാപുരം ഗ്രാമപഞ്ചായത്ത് പുതുക്കിപ്പണിയുന്ന ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നാദാപുരത്തിൻ്റെ വളർച്ച വലിയ നഗരങ്ങളോട് കിടപിടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ബഡ്സ് സ്കൂളിനും കക്കംവെള്ളി ആരോഗ്യ ഉപകേന്ദ്രത്തിനും കെട്ടിടം പണിയാൻ 22 സെൻ്റ് സ്ഥലം ജനകീയ പങ്കാളിത്തത്തിൽ ലഭിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരെ മന്ത്രി ചടങ്ങിൽ അനുമോദിച്ചു.
14 കോടി രൂപ ചെലവിലാണ് ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം. 21 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യത്തോടെയുള്ള ബേസ്മെൻ്റ്, ബസ് ബേ,
വെയിറ്റിങ് ഏരിയ, ലൈബ്രറി ഹാൾ, 200 പേർക്കിരിക്കാവുന്ന ശീതീകരിച്ച മിനി കോൺഫറസ് ഹാൾ, കടമുറികൾ, ലിഫ്റ്റ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉയരുന്നത്. കെട്ടിടത്തിൻ്റെ നിർമ്മിതി പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. സ്റ്റീൽ പ്രീ ഫാബ് സ്ട്രക്ചറിലായിരിക്കും നിർമാണം. പൂർണ്ണമായും സ്റ്റീൽ പ്രീഫാബിൽ നാദാപുരത്ത് ആദ്യമായാണ് ഷോപ്പിങ് കോംപ്ലക്സ് പണിയുന്നത്.
ചടങ്ങിൽ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി, വൈസ് പ്രസിഡൻ്റ് അഖില മാര്യാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, പഞ്ചായത്ത് അസി. എഞ്ചിനീയർ ഡി കെ ദിനേശ്, ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്‌മ, സി കെ നാസർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.