
പാലക്കാട് : പരമ്പരാഗത വ്യവസായങ്ങള്‍ നിലനിര്‍ത്താന്‍ സര്‍ക്കാരിന്റെ വലിയ പിന്തുണയുണ്ടെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പ്രധാന പരമ്പരാഗത വ്യവസായമാണ് ഖാദി. 12000 കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമാണ് ഖാദി.
ആധുനിക സാങ്കേതിക വിദ്യയും, പുതിയ വ്യവസായങ്ങളും ഉത്പന്നങ്ങളും വരുമ്പോള്‍ പ്രതിസന്ധി നേരിടാറുണ്ടെന്നും സര്‍ക്കാരിന്റെ വലിയ പിന്തുണയോടെയാണ് പരമ്പരാഗത വ്യവസായങ്ങള്‍ നിലനിന്ന് പോരുന്നതെന്നും മന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ രാഷ്ട്രീയ, സാമൂഹിക ജീവിതവുമായും ദേശീയ പ്രസ്ഥാനവുമായും ആഴത്തില്‍ ഹൃദയബന്ധമുള്ള ഒന്നാണ് ഖാദി. പരമ്പാരഗത വ്യവസായമെന്ന നിലയിലും ഉപജീവനമാര്‍ഗമെന്ന നിലയിലും ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ പ്രതീകമെന്ന നിലയില്‍ ഖാദി സംരക്ഷിക്കപ്പെണ്ടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഖാദിയെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഖാദി സ്ഥാപനങ്ങള്‍ക്കുള്ള സബ്സിഡി നേരത്തെ 50 ശതമാനം ആയിരുന്നത് ഇപ്പോള്‍ തദ്ദേശസ്വയംഭരണ വകുപ്പ് 100 ശതമാനമാക്കി. 'എനിക്കും വേണം ഖാദി ' എന്ന സന്ദേശം എല്ലായിടത്തും എത്തിക്കാന്‍ സാധിക്കണം. പുതുതലമുറയില്പ്പെട്ടവരെയും ആകര്‍ഷിക്കുന്നതിനായി പല കളറിലും ഡിസൈനിലുള്ള തുണിത്തരങ്ങള്‍ ഖാദി ബോര്‍ഡ് പുറത്തിറക്കുന്നുണ്ട്. ദുഷ്കരമായ മത്സരത്തിനിടയില്‍ ഖാദിയെ നിലനിര്‍ത്തുന്നതിനായി എല്ലാ ശ്രമങ്ങളും ഖാദി ബോര്‍ഡ് നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് സമ്മാന കൂപ്പണ്‍ പ്രകാശനം ചെയ്തു.
ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടമൈതാനം (എ സി ഷോറൂം) ഖാദി ഗ്രാമസൗഭാഗ്യ, പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സ്, തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും, മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമസൗഭാഗ്യകളിലും, മൊബൈല്‍ സെയില്‍സ് വാനിലും പ്രത്യേക മേളകള്‍ നടക്കും. മേളയുടെ ഭാഗമായി എല്ലാ വില്‍പ്പനശാലകളിലും ഖാദി കോട്ടന്‍, സില്‍ക്ക്, മനില ഷര്‍ട്ടിങ് എന്നീ തുണിത്തരങ്ങളും ഉന്ന കിടക്കകള്‍, തേന്‍ മറ്റ് ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയും ലഭിക്കും. മേളയില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ ഗവണ്മെന്റ് റിബേറ്റും, സമ്മാനങ്ങളും, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ അധ്യക്ഷനായി. പരിപാടിയില്‍ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ബി.സുഭാഷ്, പാലക്കാട് സര്‍വോദയ സംഘം കെ.പ്രജീഷ്, അകത്തേത്തറ ഖാദി ഉത്പാദക വ്യവസായ സഹകരണ സംഘം പി.എം രാജേന്ദ്രന്, ലീഡ് ബാങ്ക് മാനേജര്‍ പി.ടി അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്, ഖാദി ബോര്‍ഡ് മെമ്പര്‍ എസ്.ശിവരാമന്, ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയം പ്രൊജക്ട് ഓഫീസര്‍ കെ.ബിജുമോന് എന്നിവര്‍ പങ്കെടുത്തു.