
കോഴിക്കോട് : കേരളത്തിൽ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയോട് താരതമ്യം ചെയ്യാൻ പോലും ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പുറമേരി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇതുവരെ 5,47000 പേർ ലൈഫ് ഭവന പദ്ധതിയിൽ എഗ്രിമെൻ്റ് ചെയ്യുകയും അതിൽ 4,62000 പേരുടെ വീടു നിർമാണം പൂർത്തിയാക്കുകയും ചെയ്തു. കേരളത്തിൽ ഈ വർഷം ഒരു ലക്ഷം വീടുകൾക്ക് കൂടി ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുറമേരി ഗ്രാമപഞ്ചായത്തിൽ 195 അപേക്ഷകരാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടത്. 139 വീടുകളുടെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവയുടെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്അഡ്വ. വി കെ ജ്യോതിലക്ഷ്മി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കൂടത്താങ്കണ്ടി, എൻ എം വിമല, പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി പി സീന, സ്ഥിരം സമിതി അംഗങ്ങളായ ബിന്ദു പുതിയോട്ടിൽ, കെ എം വിജിഷ, ബീന കല്ലിൽ, എം എം ഗീത, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ കെ ദിനേശൻ,
പുറമേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കെ വിനോദൻ എന്നിവർ സംസാരിച്ചു.