മലയോര പ്രദേശങ്ങളുടെ സമഗ്ര വികസനം സർക്കാർ ലക്ഷ്യം : മന്ത്രി മുഹമ്മദ് റിയാസ്

12:05 PM Oct 31, 2025 |


കോഴിക്കോട് : മലയോര മേഖലയിൽ സമഗ്ര വികസനം സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മേലെ കുമ്പാറ-താഴെ കക്കാട് മലയോര ഹൈവേ കണക്റ്റിംഗ് റോഡ്‌ പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. മലയോര മേഖലയുടെ കണക്റ്റിംഗ് റോഡായ മേലെ കുമ്പാറ- താഴെ കക്കാടിനെ പ്രത്യേക പരിഗണന നൽകി വികസിപ്പിക്കുന്ന പദ്ധതി സാധ്യമാകുന്നതോടെ ടൂറിസം-കാർഷിക മേഖലകളിൽ വികസനം കൊണ്ടുവരാൻ കഴിയുമെന്നും നാടിൻ്റെ വികസനങ്ങൾക്കൊപ്പം സർക്കാരും ഉറച്ചു നിൽക്കുമെന്നും മന്ത്രി പറഞ്ഞു.
 
കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേയുടെ ഭാഗമായ കോടഞ്ചേരി കക്കാടംപൊയിൽ റീച്ചിൽ നിന്നും സാങ്കേതിക കാരണങ്ങളാൽ ഒഴിവാക്കപ്പെട്ട മേലെ കുമ്പാറ-താഴെ കക്കാട് ഭാഗത്ത് കണക്റ്റിംഗ് റോഡ് നിർമ്മിക്കുന്നത് മലയോര ഹൈവേയുടെ സാമ്പത്തികാനുമതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനായി 26.25 കോടി രൂപയാണ് കിഫ്‌ബി മുഖേന അനുവദിച്ചത്. മലയോര ഹൈവേയുടെ മേലെ കുമ്പാറയിൽ നിന്നും ആരംഭിച്ച് മലയോര ഹൈവേയിൽ തന്നെ താഴെ കക്കാട് ഭാഗത്ത് എത്തിച്ചേരുന്ന പ്രവൃത്തിയിൽ 3.80 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡ്, ആവശ്യമായ സ്ഥലങ്ങളിൽ കലുങ്കുകൾ, മണ്ണിടിച്ചിൽ തടയുന്നതിനായി ബ്രസ്റ്റ് വാൾ, രണ്ട് പാലങ്ങൾ എന്നിവ ഉൾപ്പെടുന്നു. റോഡിന് ആവശ്യമായ സ്ഥലം ഭൂഉടമകളിൽ നിന്നും സൗജന്യമായാണ് ലഭ്യമാക്കുന്നത്.

പരിപാടിയിൽ ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ്, വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഹെലൻ ഫ്രാൻസിസ്, പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻമാരായ ജെറീന റോയ്, വി എസ് രവീന്ദ്രൻ, വാർഡ് മെമ്പർമാരായ ബിന്ദു ജയൻ, സീന ബിജു, ബാബു മൂട്ടോളി, ജോസ് തോമസ് മാവറ, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ബി ബൈജു, ഉദ്യോഗസ്‌ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.