+

പരിശീലനവും നൈപുണ്യ വികസനവും ടൂറിസം മേഖലയ്ക്ക് നിർണായകം: മന്ത്രി മുഹമ്മദ് റിയാസ്

യുവ സംരംഭകർക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കി വൈവിധ്യവൽക്കരിക്കപ്പെടുന്ന ടൂറിസം മേഖലയുടെ വികസനത്തിൻറെ നിർണായക ഘടകങ്ങളാണ് മാനവവിഭവശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലനവും നൈപുണ്യ വികസനവുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.  

തിരുവനന്തപുരം: യുവ സംരംഭകർക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കി വൈവിധ്യവൽക്കരിക്കപ്പെടുന്ന ടൂറിസം മേഖലയുടെ വികസനത്തിൻറെ നിർണായക ഘടകങ്ങളാണ് മാനവവിഭവശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലനവും നൈപുണ്യ വികസനവുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
 
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) നടന്ന ടൂറിസം വ്യവസായത്തിലെ നൂതനാശയങ്ങളുമായി ബന്ധപ്പെട്ട ദേശീയ സെമിനാറും പാനൽ ചർച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്മെൻറ് (ഐഎസ് ടിഡി) തിരുവനന്തപുരം ചാപ്റ്ററുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്.
 
സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിൻറെ വികസിത ആവശ്യങ്ങൾ നിറവേറ്റുവാനായി വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ വളർത്തിയെടുക്കുന്നതിൽ കിറ്റ്സ് പോലെയുള്ള സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കിറ്റ്സിൻറെ അക്കാദമിക്ക് മികവിനെ ഐഎസ് ടിഡിയുടെ വ്യവസായ വ്യാപനവുമായി സംയോജിപ്പിച്ച് തൊഴിൽ ശക്തിയെ സജ്ജരാക്കാൻ സാധിക്കും. പ്രാദേശിക സമൂഹങ്ങളിലെ ടൂറിസം സംരംഭകരെയും യുവാക്കളെയും പിന്തുണയ്ക്കുന്നതിലൂടെ സാമൂഹിക സാമ്പത്തിക വളർച്ചയും സംയോജിത വികസനവും കൈവരിക്കാൻ കഴിയും. കിറ്റ്സും ഐഎസ് ടിഡിയും തമ്മിലുള്ള പങ്കാളിത്തം ഈ അടിത്തറ സൃഷ്ടിക്കുന്നതിന് ഏറെ സഹായകരമാണ്. ടൂറിസം മേഖലയുടെ ചലനാത്മക സ്വഭാവവുമായി പൊരുത്തപ്പെടാൻ കഴിയുന്ന പ്രൊഫഷണലുകളെ വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരവാദിത്ത ടൂറിസം, പൈതൃക ടൂറിസം, സാഹസിക ടൂറിസം തുടങ്ങി വ്യത്യസ്ത മേഖലകളിലേക്ക് കേരള ടൂറിസം വൈവിധ്യവത്ക്കരിക്കപ്പെടുകയാണ്. ഈ സാഹചര്യത്തിൽ നൂതനാശയങ്ങളും പുതിയ ഉത്പന്നങ്ങളുമായി മുന്നോട്ടു വരുന്ന യുവസംരംഭകർക്ക് ധാരാളം സാധ്യതകളുണ്ട്. ഇത്തരം സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനാണ് ടൂറിസം നിക്ഷേപക സംഗമം പോലെയുള്ള സംവിധാനങ്ങൾ.
 
ഇൻകുബേഷൻ സൗകര്യങ്ങൾ, മാർഗനിർദേശം, സാമ്പത്തിക സഹായം തുടങ്ങിയവ ലഭ്യമാക്കി ടൂറിസം മേഖലയിൽ സ്റ്റാർട്ടപ്പുകളെയും എം.എസ്എംഇ കളെയും വികസിപ്പിക്കാൻ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ടൂറിസം ജനകേന്ദ്രീകൃതമാണ്. ഉയർന്ന നിലവാരമുള്ള സേവനം, സഞ്ചാരികളുടെ സംതൃപ്തി, സുസ്ഥിര വളർച്ച എന്നിവ ഉറപ്പാക്കുന്നതിന് മനുഷ്യ വിഭവ ശേഷി വികസനം അനിവാര്യമാണ്. നൈപുണ്യ വികസനം, ഹോസ്പിറ്റാലിറ്റി പരിശീലനം, ഭാഷാ പ്രാവീണ്യം, ഡിജിറ്റൽ പരിജ്ഞാനം, ലക്ഷ്യസ്ഥാന മാനേജ്മെൻറ് കഴിവുകൾ എന്നിവയിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടൂറിസം മേഖലയിലെ സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചുള്ള പദ്ധതികൾ തയ്യാറായി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.  

ശാസ്താംപാറ അഡ്വഞ്ചർ പാർക്ക് പദ്ധതി വിശദീകരിക്കുന്നതിനായി നിക്ഷേപകർക്കായി സംഘടിപ്പിച്ച യോഗത്തിൽ ഏകദേശം 20 സംരംഭകർ പങ്കെടുത്തുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ഐഎസ് ടിഡി തിരുവനന്തപുരം ചാപ്റ്ററിൻറെ ഔട്ട്സ്റ്റാൻഡിംഗ് ഔട്ട്ബൗണ്ട് ടൂർ ഓപ്പറേറ്റർ അവാർഡ് 2024-25 റോയൽ ടൂർസിലെ ബെന്നി പാനികുളങ്ങരയ്ക്ക്  മന്ത്രി സമ്മാനിച്ചു. കിറ്റ്സ് ഡയറക്ടർ ഡോ. എം. ആർ. ദിലീപ്, ഐഎസ് ടിഡി തിരുവനന്തപുരം ചാപ്റ്റർ ചെയർമാൻ ഡോ. കെ. എസ്. ചന്ദ്രശേഖർ എന്നിവരും പങ്കെടുത്തു.
 
യുവജനങ്ങൾക്ക് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങളും ഉത്പന്നങ്ങളും കൊണ്ടുവരാനാകണമെന്ന് കിറ്റ്സ് ഡയറക്ടർ ഡോ. എം. ആർ ദിലീപ് അഭിപ്രായപ്പെട്ടു. സെമിനാറിൽ രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധർ ടൂറിസം മേഖലയിലെ നൂതനാശയങ്ങളുമായി ബന്ധപ്പെട്ട അവതരണം നടത്തി.
 

facebook twitter