
പാലക്കാട് : പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്നവരെ സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളിലും സാമൂഹ്യ സാംസ്‌കാരികമേഖലകളിലും ഉൾക്കൊള്ളിച്ച് പൊതുസമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കണമെന്നതാണ് ലക്ഷ്യമെന്ന് പട്ടികജാതി പട്ടിക വർഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മെയ് 18 ന് മലമ്പുഴ ട്രൈപെന്റ ഹോട്ടലിൽ നടക്കുന്ന സംസ്ഥാനതല പട്ടികജാതി പട്ടികവർഗ്ഗ മേഖലാസംഗമത്തിന്റെ സംഘാടക സമിതി യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശീയ ജനവിഭാഗമായ പട്ടികജാതി-പട്ടികവർഗ മറ്റ് പിന്നോക്ക വിഭാഗത്തിലുള്ളവരുടെ സാസ്‌കാരിക സാമൂഹിക മുന്നേറ്റം ലക്ഷ്യം വച്ച് പ്രവർത്തിച്ചാലേ വികസനത്തിന് പൂർണ്ണത ഉണ്ടാകൂ. ഏറെ മുന്നേറ്റം ഉണ്ടായെങ്കിലും ഇനിയും വലിയ പ്രാധാന്യം ഈ വിഭാഗത്തിന് നൽകണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ള തദ്ദേശീയ വിഭാഗത്തിലുള്ള ജനങ്ങളെ ഉൾക്കൊള്ളിച്ച് അവരുടെ അഭിപ്രായങ്ങൾ മുഖ്യ മന്ത്രിയോട് നേരിട്ട് അവതരിപ്പിക്കാനുള്ള അവസരവും ആവശ്യമുള്ളവയ്ക്കുള്ള തുടർ നടപടികളും ഉറപ്പാക്കുകയാണ് മേഖലാസംഗമത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.വികസനം ലഭ്യമായിട്ടില്ലാത്ത മേഖലയിലുള്ളവരെ സംഗമത്തിൽ പങ്കെടുപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സാധ്യമായ കാര്യങ്ങൾ നേടിയെടുക്കുന്നതിന് അവർക്ക് സാധിക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
പട്ടികജാതി പട്ടികകവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്തി ഒ.ആർ കേളു ചെയർമാനും
വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്, ജില്ലയിലെ എം.പി മാർ എന്നിവർ രക്ഷാധികാരികളുമായ സംഘാടക സമിതിയിൽ പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ് അഡീഷ്ണൽ സെക്രട്ടറി പുനിത് കുമാർ ജനറൽ കൺവീനറും, ജില്ലാ കളക്ടറും പട്ടിക ജാതി-പട്ടിക വകുപ്പ് ഡയറക്ടർമാർ കൺവീനർമാരുമാണ്. ജില്ലയിലെ എം. എൽ. എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർ വൈസ് ചെയർമാൻമാരും എ ഡി എം, പട്ടികജാതി പട്ടിക വർഗ വകുപ്പുകളിലെ അഡീഷ്ണൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, അട്ടപ്പാടി ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ എന്നിവർ ജോയിന്റ് കൺവീനർമാരുമാണ്. ലോ ആൻഡ് ഓർഡർ ഉൾപ്പെടെ 11 സബ് കമ്മിറ്റികളും സംഘാടക സമിതിയിലുണ്ട്.
യോഗത്തിൽ എം.എൽ.എമാരായ കെ.ബാബു, കെ.ഡി പ്രസേനൻ, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ് അഡീഷ്ണൽ സെക്രട്ടറി പുനിത് കുമാർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ധർമ്മലശ്രീ, പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ്, എ.ഡി.എം കെ മണികണ്ഠൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.