ആലപ്പുഴ : അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച ജോലി കണ്ടെത്തുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വീസും സംയുക്തമായി ചേർത്തല ഗവ. പോളിടെക്‌നിക്കില്‍ സംഘടിപ്പിച്ച പ്രയുക്തി മിനി തൊഴില്‍മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിൽ അന്വേഷിക്കുന്നവരെ സഹായിക്കുന്നതിനായി വിവിധതരം തൊഴിൽമേളകൾ പലതലങ്ങളിലായി സർക്കാർ നടത്തിവരുന്നുണ്ട്. ഇതിനെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചേർത്തലയിലെ ഉദ്യോഗാർത്ഥികൾക്കായി ഉടൻതന്നെ ഒരു തൊഴിൽമേള സംഘടിപ്പിക്കുമെന്നും അതിനായി പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ നിരവധി തൊഴിൽദാതാക്കളുമായി ചർച്ച നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. തൊഴിൽമേളയ്ക്കൊപ്പം ഉദ്യോഗാര്‍ഥികൾക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നതിന് അധിക പരിശീലനം നൽകുന്നതിനുള്ള ഒരുക്കങ്ങളും നടത്തിവരികയാണ്. ജോലി വാഗ്ദാനം നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടുന്ന കേസുകൾ വർദ്ധിച്ചു വരുന്നുണ്ട്. അത്തരം കെണികളിൽ പെടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും വിദേശ ജോലി തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഉദ്യോഗാർത്ഥികൾ നോർക്കയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയതിനുശേഷം മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കാവൂ എന്നും മന്ത്രി പറഞ്ഞു.
482 ഉദ്യോഗാർത്ഥികള്‍ പങ്കെടുത്ത തൊഴിൽ മേളയിൽ 152 പേർക്ക് പ്ലേസ്മെൻ്റ് ലഭിച്ചു. 237 പേര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ചേർത്തല നഗരസഭ അധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷയായി. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഏലിക്കുട്ടി ജോൺ, നഗരസഭാംഗം സീമാ ഷിബു, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ കെ എം മാത്യൂസ്, വൊക്കേഷൻ ഗൈഡൻസ് എംപ്ലോയ്മെന്റ് ഓഫീസർ പി ആർ അമ്പിളി, ഗവ. പോളിടെക്നിക് പ്രിൻസിപ്പൽ എൽ മിനിമോൾ, കോളേജ് പ്ലേസ്മെന്റ് ഓഫീസർ എം മനൂപ്, ചേർത്തല എംപ്ലോയ്മെന്റ് ഓഫീസർ വി വി മിനി, എംപ്ലോയ്മെന്റ് ഓഫീസർ (പ്ലേസ്മെന്റ്) മേഴ്സി ജോസഫ്, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസര്‍മാരായ പി റ്റി മെൽബിൻ, ലിഷ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.