
തിരുവനന്തപുരം: വിജ്ഞാനാധിഷ്ഠിത വ്യവസായത്തിൻറെ ലോകത്തിലെ തന്നെ മികച്ച കേന്ദ്രമായി കേരളം വളർന്നു കൊണ്ടിരിക്കുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനാവശ്യമായ സംരംഭക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹമായ 'നിള' വിജയകരമായി വിക്ഷേപിച്ച ടെക്നോപാർക്കിലെ ഉപഗ്രഹ നിർമ്മാണ കമ്പനിയായ ഹെക്സ്20 യെ അഭിനന്ദിക്കാൻ ചേർന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ടെക്നോപാർക്ക് ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രതിധ്വനി എക്സിക്യുട്ടീവ് അംഗമായ അനൂബ് ടി മുരളി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രതിധ്വനി പ്രസിഡൻറ് വിഷ്ണു രാജേന്ദ്രൻ, സ്റ്റേറ്റ് കൺവീനർ രാജീവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
റോബോട്ടിക്സ്, എഐ, ബ്ലോക്ക് ചെയിൻ, മെഷീൻ ലേണിംഗ്, എയ്റോസ്പേസ് ടെക് തുടങ്ങിയ സാങ്കേതികവിദ്യകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ആഗോളനിലവാരത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു. ടെക്നോപാർക്കിൽ നിന്ന് ഒരു സ്റ്റാർട്ടപ്പായി ആരംഭിച്ച ഹെക്സ്20 എയ്റോസ്പേസ് വ്യവസായത്തിൽ കേരളത്തിൽ നിന്നുള്ള ആദ്യ സംരംഭമായിരിക്കും. ഇതിന് പിന്നാലെ എയ്റോസ്പേസ് വ്യവസായവുമായി ബന്ധപ്പെട്ട നിരവധി കമ്പനികൾ ഉയർന്നുവരും.
സംസ്ഥാനത്തെ സംരംഭക ആവാസവ്യവസ്ഥയുടെ വളർച്ചയിൽ സർക്കാരിനും വലിയ പങ്കുണ്ട്. രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് ഉടൻ ആരംഭിക്കും. ഡിജിറ്റൽ സർവകലാശാല, ബ്ലോക്ക്ചെയിൻ പരിശീലന അക്കാദമി എന്നിവയും ഇവിടെയുണ്ട്. സ്കൂൾ സിലബസിൽ എഐ ഉൾപ്പെടുത്തിയ ആദ്യ സംസ്ഥാനം കേരളമാണ്. ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ പ്രധാന ആഗോള കേന്ദ്രമായി തിരുവനന്തപുരം മാറിക്കഴിഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയിൽ നൈപുണ്യമുള്ളവരുടെ ടാലൻറ്പൂളും സംസ്ഥാനത്തുണ്ട്.
ദേശീയ പാത വികസനത്തോടെ ഗ്രാമ- നഗരമെന്ന വിഭജനമില്ലാതെയാകും. വിഴിഞ്ഞം തുറമുഖം പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ അസംസ്കൃത വസ്തുക്കളുടെ ശേഖരണം മുതൽ ഉത്പാദനവും വിതരണവും വരെയുള്ള ലോജിസ്റ്റിക്സ് കൂടുതൽ പ്രായോഗികമാകും. വ്യവസായമേഖലയുടെ വളർച്ചയ്ക്ക് ഇത് ആക്കം കൂട്ടും. അന്താരാഷ്ട്ര കമ്പനികൾക്ക് പ്രവർത്തിക്കാൻ കേരളം മികച്ച ആവാസവ്യവസ്ഥയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എയ്റോസ്പേസ് വ്യവസായവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് മാത്രം കെ സ്പെയ്സിൽ 60 ലധികം കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിളയുടെ വിജയകരമായ വിക്ഷേപണത്തിനായി അതിൽ 18 കമ്പനികളുമായി സഹകരിച്ചിട്ടുണ്ടെന്നും ഹെക്സ്20 സഹസ്ഥാപകനും ഡയറക്ടറുമായ എം ബി അരവിന്ദ് പറഞ്ഞു. ഹെക്സ്20 യ്ക്ക് ടെക്നോപാർക്കിൽ ലാബ് സൗകര്യങ്ങൾ ലഭ്യമാണ്.
അടുത്ത വർഷം അവസാനത്തോടെ 35 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നതിനായി പിഎസ്എൽവിയുമായി ചർച്ച നടത്തിവരികയാണ്. 2028 ൽ ജപ്പാൻ ആസ്ഥാനമായ ഒരു കമ്പനിക്ക് ബഹിരാകാശ പേടകം രൂപകൽപന ചെയ്യുന്ന പ്രോജക്റ്റിനായുള്ള കരാർ ചർച്ചകളും അവസാന ഘട്ടത്തിലാണ്. ജപ്പാൻ ആസ്ഥാനമായ ഐസ്പേസ് ഇൻകോർപ്പറേറ്റഡ് കമ്പനിയുടെ 2028 ലെ ചാന്ദ്ര ദൗത്യവുമായി സഹകരിക്കും.
'ഡൗൺസ്ട്രീമിംഗ്' എന്നറിയപ്പെടുന്ന ഉപഗ്രഹത്തിൽ നിന്നുള്ള ഡാറ്റയുടെ വിശകലനം ഒരു മൾട്ടി-മില്യൺ ഡോളർ വ്യവസായമാണ്. കേരളത്തിലെ എട്ട് കമ്പനികൾ നിലവിൽ ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിജ്ഞാനാധിഷ്ഠിതവും ഭാവി കേന്ദ്രീകൃതവുമായ വ്യവസായത്തിൻറെ കേന്ദ്രമാണ് കേരളം. വരും വർഷങ്ങളിൽ കൂടുതൽ കമ്പനികൾ എയ്റോസ്പേസ് വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോർഡ് അംഗങ്ങൾക്ക് പുറമെ ഹെക്സ്20 ലെ പതിനെട്ട് ജീവനക്കാരിൽ 17 പേർ കേരളത്തിൽ നിന്നുള്ളവരാണെന്ന് ഹെക്സ് 20 യുടെ സിടിഒയും സഹസ്ഥാപകനുമായ അനുരാഗ് രഘു പറഞ്ഞു. ഇത് കേരളത്തിലെ ടാലൻറ്പൂളിൻറെ സാക്ഷ്യപ്പെടുത്തലാണ്. ഓസ്ട്രേലിയ, യുഎഇ, തായ് വാൻ എന്നിവിടങ്ങളിൽ ഇതിനകം സാന്നിധ്യമുറപ്പിച്ചിട്ടുള്ള ഹെക്സ്20 വിപുലീകരണത്തിൻറെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് മാസത്തെ പ്രവർത്തനത്തിലൂടെ ഹെക്സ് 20 വികസിപ്പിച്ചെടുത്ത ഉപഗ്രഹം ബെർലിൻ ആസ്ഥാനമായ സാറ്റലൈറ്റ് ഡിപ്ലോയർ കമ്പനിയായ എക്സോലോഞ്ച് വഴി മാർച്ച് 15 ന് സ്പേസ് എക്സ് ട്രാൻസ്പോർട്ടർ -13 ദൗത്യത്തിലാണ് വിക്ഷേപിച്ചത്. മാർച്ച് 16 ന് ഹെക്സ്20യുടെ സാറ്റലൈറ്റ് കൺട്രോൾ സെൻററിൽ ബീക്കൺ സിഗ്നൽ ലഭിച്ചതോടെയാണ് ദൗത്യം നിർണായക നേട്ടം കൈവരിച്ചത്. ഹെക്സ്20 യുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപസംവിധാനങ്ങളെയും ജർമ്മൻ ബഹിരാകാശ കമ്പനിയായ ഡിക്യൂബ്ഡ്ൽ നിന്നുള്ള ഇൻ-ഓർബിറ്റ് ഡെമോൺസ്ട്രേഷനുള്ള പേലോഡിനെയും നിള ദൗത്യം സാധ്യമാക്കി. സ്വകാര്യ മേഖലയിലെ ഉപഗ്രഹ സാങ്കേതികവിദ്യയിലെയും നവീകരണത്തിലെയും സുപ്രധാന ചുവടുവയ്പാണിത്.
തിരുവനന്തപുരം മേനംകുളത്തെ മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ സ്ഥാപിച്ച ഗ്രൗണ്ട് സ്റ്റേഷനിൽ ഹെക്സ്20 ടീം ഉപഗ്രഹത്തിൻറെ പ്രവർത്തനം നിരീക്ഷിക്കും. ഗ്രൗണ്ട് സ്റ്റേഷൻ സൗകര്യം പ്രവർത്തിപ്പിക്കുന്നതിൽ കോളേജിലെ ഫാക്കൽറ്റികൾക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയിട്ടുണ്ട്. തായ്വാനിലെ നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റി, യുഎസ്എയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയുടെ ലബോറട്ടറി ഫോർ അറ്റ് മോസ്ഫെറിക് ആൻഡ് സ്പേസ് ഫിസിക്സ് തുടങ്ങിയ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുമായും ഹെക്സ്20 പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.