+

കേരളം എന്ന ബ്രാൻഡിനുള്ള വർധിച്ച മൂല്യം സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തണം:മന്ത്രി പി രാജീവ്

കോവിഡിന് ശേഷം കേരളം എന്ന ബ്രാൻഡിനുള്ള വർധിച്ച മൂല്യം സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു

കൊച്ചി: കോവിഡിന് ശേഷം കേരളം എന്ന ബ്രാൻഡിനുള്ള വർധിച്ച മൂല്യം സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്ന 'കേരള ബ്രാൻഡ്' (നന്മ) പദ്ധതിയുടെ രൂപരേഖ വിപുലീകരണത്തിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ വാണിജ്യ വകുപ്പ്, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെ-ബിപ്), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി.), കിൻഫ്ര, 'റൈസിംഗ് ആൻഡ് ആക്സിലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ്' (RAMP) എന്ന കേന്ദ്ര പദ്ധതിയുടെയും ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.
 
സ്മാർട്ട് ഇക്കോണമിയും ചെറുകിട വ്യവസായങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് പോയവരെ കേരളത്തിലേക്ക് തിരിച്ച് വിളിച്ച് ഒരു സ്മാർട്ട് ഇക്കോണമി രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു. ചെറുകിട വ്യവസായങ്ങളുടെ വളർച്ചയ്ക്കാണ് മുൻഗണന നൽകുന്നത്.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്. ശിൽപ്പശാല അഭിസംബോധന ചെയ്തു. വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ രാജീവ് ജി. സ്വാഗതം ആശംസിക്കുകയും 'കേരള ബ്രാൻഡ്' ആശയത്തെക്കുറിച്ചും ശിൽപ്പശാലയുടെ ഘടനയെക്കുറിച്ചും ഡയറക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ്. വിശദീകരിക്കുകയും ചെയ്തു.
 
കെ.എസ്.ഐ.ഡി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരി കൃഷ്ണൻ ഐ.ആർ.ടി.എസ്., എം.എസ്.എം.ഇ-ഡി.എഫ്.ഒ തൃശൂർ അസിസ്റ്റന്റ് ഡയറക്ടർ മാർട്ടിൻ ചാക്കോ, വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷബീർ എം. എന്നിവരും ശിൽപ്പശാലയിൽ പങ്കെടുത്തു.
'കേരള ബ്രാൻഡ്' (നന്മ) പദ്ധതി: ലക്ഷ്യങ്ങളും പുതിയ ഉൽപ്പന്നങ്ങളും

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഉന്നത ഗുണമേന്മയുള്ള ഉത്പന്നങ്ങൾക്ക് തനതായൊരു മേൽവിലാസം നൽകുകയാണ് 'കേരള ബ്രാൻഡ്' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ വെളിച്ചെണ്ണയ്ക്ക് 'കേരള ബ്രാൻഡ്' സർട്ടിഫിക്കേഷൻ വിജയകരമായി നൽകിവരുന്നുണ്ട്. ഉത്തരവാദിത്തത്തോടെ നിർമിച്ച്, ഉയർന്ന ഗുണമേന്മ ഉറപ്പാക്കുന്ന സംസ്ഥാനത്തെ ഉത്പന്നങ്ങളെ ആഗോള വിപണിയിലേക്ക് എത്തിക്കുക എന്നതാണ് ഈ ബ്രാൻഡിംഗ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങളുടെ ആധികാരികതയും നിലവാരവും ഉറപ്പുനൽകുന്ന ഒരു സാക്ഷ്യപത്ര സംവിധാനവും ഇതിനൊപ്പമുണ്ട്.

ഈ ശിൽപ്പശാലയിൽ പത്ത് പുതിയ ഉത്പന്നങ്ങളെക്കൂടി 'കേരള ബ്രാൻഡ്' സർട്ടിഫിക്കേഷനായി തിരഞ്ഞെടുത്തിട്ടുണ്ട്:
• ഭക്ഷ്യവിഭാഗം: കോഫി, ചായ, തേൻ, നെയ്യ്, പാക്കേജ്ഡ് കുടിവെള്ളം.
• ഭക്ഷ്യേതര വിഭാഗം: പ്ലൈവുഡ്, പാദരക്ഷകൾ, പി.വി.സി പൈപ്പുകൾ, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ.
ഈ വിപുലീകരണം കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭകർക്ക് വലിയ വിപണി സാധ്യതകൾ തുറന്നുനൽകുമെന്നാണ് പ്രതീക്ഷ.
രാവിലെ നടന്ന സെഷനിൽ ബ്രാൻഡ് മാനദണ്ഡങ്ങൾ, പൊതുവായതും ഉത്പന്നങ്ങൾക്ക് പ്രത്യേകമായതുമായ വ്യവസ്ഥകൾ, ഗുണനിലവാര മാനദണ്ഡങ്ങൾ, ധാർമ്മികമായ ഉത്പാദനം, മൂല്യനിർണ്ണയ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ച നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന പ്രത്യേക പ്ലീനറി സെഷനുകളിൽ ഓരോ വിഭാഗത്തിലെയും വ്യവസായങ്ങൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും ബ്രാൻഡിംഗ് സാധ്യതകളും ചർച്ച ചെയ്തു. ശിൽപ്പശാലയിൽ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി ഒരു സംസ്ഥാനതല സർവേ നടത്തിയതിന് ശേഷമാകും ഉൽപ്പന്നങ്ങളുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ അന്തിമമാക്കുക.

ഈ പദ്ധതിയുടെ വിപുലീകരണം കേരളത്തിന്റെ വ്യാവസായിക വളർച്ചയിൽ ഒരു പുതിയ അധ്യായം കുറിക്കുമെന്നും പ്രാദേശിക സംരംഭങ്ങൾക്ക് വലിയ വിശ്വാസ്യതയും മികച്ച വിപണി സാധ്യതകളും വർദ്ധിപ്പിക്കുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. ഉപഭോക്താക്കൾക്ക് സ്ഥിരമായ ഗുണനിലവാരവും ധാർമ്മികമായ ഉത്പാദനവും ഉറപ്പുനൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

facebook twitter