
ഇടുക്കി : പശ്ചാത്തല വികസന മേഖലയിൽ കഴിഞ്ഞ ഒൻപത് വർഷത്തിലേറെ കാലത്ത് വലിയ കുതിപ്പാണ് കേരളത്തിലുണ്ടായതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മൂലമറ്റം കോട്ടമല റോഡിന്റെയും മൂലമറ്റം പവര്‍ഹൗസ് വരെയുള്ള പിഡബ്ല്യുഡി റോഡ് ബി.എം.ബി.സി നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും നിര്‍മ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ നാല് വർഷത്തിൽ മാത്രം 8000 കിലോമീറ്ററിലധികം റോഡുകൾ സംസ്ഥാനത്ത് നവീകരിച്ചു. 13000 ത്തിലധികം കോടി രൂപ നവീകരണത്തിനായി ചെലവഴിച്ചു.
മലയോര ഹൈവേ യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 13 ജില്ലകളിലൂടെ കടന്നു പോകുന്ന മലയോര ഹൈവേ ആയിരത്തി ഇരുന്നൂറോളം കിലോമീറ്ററാണ്. കേരളത്തിലെ കാർഷിക ടൂറിസം മേഖലയിൽ വലിയ കുതിപ്പ് സാധ്യമാക്കാൻ മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ കഴിയും. പശ്ചാത്തല വികസനത്തിൻ്റെ കാര്യത്തിൽ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ബി എം ആൻ്റ് ബിസി നിലവാരത്തിലേക്ക് ഉയർത്തി.
ശബരിമല പാക്കേജിൽ റോഡ് നിർമ്മാണത്തിനായി കൂടുതൽ തുക അനുവദിച്ച സർക്കാരാണ് ഇടതുപക്ഷ സർക്കാർ. കഴിഞ്ഞ നാല് വർഷത്തിനിടെ 1207 കോടി 23 ലക്ഷം രൂപ സർക്കാർ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി റോഡ് നിർമ്മാണ പ്രവൃത്തികൾക്കായി അനുവദിച്ചുവെന്ന് മന്ത്രി റിയാസ് പറഞ്ഞു.
പശ്ചാത്തല വികസന മേഖലയ്ക്ക് നാടിൻ്റെ വികസനത്തിൽ വലിയ പങ്കുണ്ട്. നല്ല റോഡുകളും പാലങ്ങളും വന്നാൽ നാട്ടിൽ വലിയ വികസനം സാധ്യമാകും. അതിൻ്റെ മികച്ച ഉദാഹരണമാണ് ഇടുക്കി നിയോജക മണ്ഡലം. മണ്ഡലത്തിൻ്റെ പശ്ചാത്തല വികസനത്തിനായി മികച്ച ഇടപെടലുകളാണ് മന്ത്രിയെന്ന നിലയിലും എം എൽ എ എന്ന നിലയിലും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നടത്തിയിട്ടുള്ളത്. ടൂറിസം പൊതുമരാമത്ത് മേഖലകളുടെ വികസനത്തിന് അദ്ദേഹം ക്രിയാത്മകമായ നിരവധി നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അവയൊക്കെ യാഥാർത്ഥ്യമാക്കാനുള്ള ഇടപെടലുകൾ ടൂറിസം പൊതുമരാമത്ത് വകുപ്പുകൾ കൂടെ നിന്ന് നടത്തുമെന്നും മന്ത്രി പറഞ്ഞു.
മൂലമറ്റം കോട്ടമല റോഡ് യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികളുടെ ചിരകാല ആഗ്രഹമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്നും റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കാൻ വേണ്ട നിർദേശം നൽകാൻ പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മൂലമറ്റം പവർഹൗസ് കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിക്കായി മൂന്ന് ഏക്കർ സ്ഥലം വിട്ടു നൽകാൻ കെ.എസ്.ഇ ബി അധികൃതരുമായി നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ ചർച്ചകൾ ഈ നിയമസഭാ സമ്മേളന കാലത്ത് നടത്തും. മൂലമറ്റം നാടുകാണി കേബിൾ കാർ പദ്ധതിക്കായി പ്രാഥമിക പഠനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മൂലമറ്റം ടൗണില്‍ നടന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം. പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ ജേക്കബ്, അറക്കുളം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എൽ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിബു ജോസഫ്, സുശീല ഗോപി, കൊച്ചുറാണി ജോസ്, ഗീത തുളസീധരൻ, സിന്ധു പി.എസ്, വിനീഷ് വിജയൻ, പി. എ വേലുകുട്ടൻ, എലിസബത്ത് ജോൺസൺ, സിനി തോമസ്, ഓമന ജോൺസൺ, വിവിധ ജന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക പ്രമുഖര്‍ എന്നിവര്‍ സംസാരിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് സ്വാഗതവും അറക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുബി ജോമോൻ നന്ദിയും പറഞ്ഞു. പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ പ്രസാദ് പദ്ധതി വിശദീകരണം നടത്തി.
2023-2024 സാമ്പത്തിക വര്‍ഷത്തിലെ ശബരിമല പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി 6.80 കോടി രൂപ ചെലവഴിച്ചാണ് റോഡ് ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നത്.
അശോക മൂലമറ്റം റോഡ് 20 മില്ലിമീറ്റര്‍ ചിപ്പിംഗ് കാര്‍പ്പറ്റ് ഉപരിതലത്തോട് കൂടിയുള്ളതാണ്. ഇത് ബി എം ബി സി നിലവാരത്തില്‍ പുനര്‍ നിര്‍മ്മിക്കുകയും, മൂലമറ്റം കോട്ടമല റോഡ്, മണ്‍പാതയും മറ്റ് ഭാഗങ്ങളും ആയിരുന്നത് 40 മില്ലിമീറ്റര്‍ ചിപ്പിംഗ് കാര്‍പ്പറ്റ് ഉപരിതലത്തിലേക്ക് അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും. ഈ റോഡുകളില്‍ വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ ഡ്രെയിനേജ് സംവിധാനവും, റോഡിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണവും,റോഡ് മാര്‍ക്കിംഗ്, ട്രാഫിക് സേഫ്റ്റി വര്‍ക്കുകള്‍ എന്നിവയും പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.