+

സർക്കാർ ഇടപെടലുകളിലൂടെ ഭൂരിഭാഗം ആദിവാസികൾക്കും അർഹതപ്പെട്ട ഭൂമി നൽകാനായി : മന്ത്രി ആർ ബിന്ദു

സർക്കാരിന്റെ ക്രിയാത്മക ഇടപെടലുകളിലൂടെ 80 ശതമാനം ആദിവാസികൾക്കും അർഹതപ്പെട്ട ഭൂമി നൽകാൻ സാധിച്ചെന്ന്ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു.

പാലക്കാട് : സർക്കാരിന്റെ ക്രിയാത്മക ഇടപെടലുകളിലൂടെ 80 ശതമാനം ആദിവാസികൾക്കും അർഹതപ്പെട്ട ഭൂമി നൽകാൻ സാധിച്ചെന്ന്ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. അഡിഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും പാലക്കാട് ജില്ലാ ഭരണകൂടവും റഫ്ബില ഇന്റർനാഷണൽ കമ്പനിയുമായി ചേർന്ന് അട്ടപ്പാടിയിൽ നടപ്പിലാക്കിയ 'സൂപ്പർ 100' പദ്ധതിയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശേഷിക്കുന്നവർക്ക് സർക്കാരിന്റെ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് ഭൂമി നൽകുമെന്നും മന്ത്രി പറഞ്ഞു.

 ആദിവാസി വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന പരിശീലനമാണ് 'സൂപ്പർ 100'. പട്ടിക വർഗ വിഭാഗത്തിലെ കുട്ടികൾക്ക് സാമൂഹിക പിന്തുണ സർക്കാർ പ്രാധാന്യത്തോടെയാണ് നൽകുന്നത്. ആദിവാസി സമൂഹത്തിന്റെ സമ്പത്തും പാരമ്പര്യ അറിവുകളും പലരും തട്ടിയെടുക്കാൻ ശ്രമിക്കുമ്പോൾ തിരിച്ചറിവോടെ സമൂഹത്തിന്റെ മുന്നിൽ നടക്കാൻ വിദ്യാർഥികൾക്കാവണമെന്നും മന്ത്രി പറഞ്ഞു.
റബ്ഫില ഇന്റർനാഷണൽ കമ്പനിയുമായി സഹകരിച്ചാണ് 'സൂപ്പർ 100' പദ്ധതി അട്ടപ്പാടിയിൽ നടപ്പിലാക്കുന്നത്. അട്ടപ്പാടി മേഖലയിലുള്ള 108 പട്ടികവർഗ വിദ്യാർത്ഥികൾക്ക് വിവിധ നൈപുണ്യ വികസന പരിപാടികൾ ഈ അധ്യയന വർഷത്തിൽ നടപ്പിലാക്കലാണ് പദ്ധതിയുടെ ലക്ഷ്യം.

പുതുശ്ശേരി ഇ.കെ. നയനാർ മെമ്മോറിയൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷനായി.
റബ്ഫില ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ജി കൃഷ്ണകുമാർ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ ജി പ്രിയങ്ക ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് അംഗം പത്മിനി ടീച്ചർ, അസാപ് കേരള ഹെഡ് വി.വി വിജിൽ കുമാർ,  അഗളി ഹയർസെക്കൻഡറി സ്‌കൂൾ പ്രധാന അധ്യാപിക ആർ. ഷമി മോൾ, എം.ആർ.എസ് മുക്കാലി മാനേജർ സി.ബി രാധാകൃഷ്ണൻ  എന്നിവർ സംസാരിച്ചു.

facebook twitter